special report
എം മാധവദാസ്
ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് ഗ്ലോബല്‍ സുമൂദിന്റെ പ്രവര്‍ത്തകര്‍ ടുണീഷ്യയില്‍ കള്ളപ്പണം ഇടപാടിന് പിടിക്കപ്പെട്ടതോടെ പുറത്തുവരുന്നത്, മനുഷ്യവകാശ പ്രവര്‍ത്തനത്തിന്റെ മറവിലുള്ള ഇസ്ലാമിക ഭീകരവാദത്തിന്റെ വാര്‍ത്തകള്‍. ഗാസയിലേക്ക് വെള്ളവും ഭക്ഷണവും കൊടുക്കാനെന്ന പേരില്‍, ഗ്ലോബല്‍ സുമൂദിന്റെ കപ്പലുകളില്‍ ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന മനുഷ്യവകാശ- പരിസ്ഥിതി പ്രവര്‍ത്തക എത്തിയതും ഇസ്രയേല്‍ അവരെ തിരിച്ചുവിട്ടതും, നേരെത്ത വാര്‍ത്തയായിരുന്നു. ഗ്ലോബല്‍ സുമൂദിന്റെ ഭാഗമായ കപ്പലുകളെയാണ് ഫ്ലോട്ടില്ല എന്ന് വിളിക്കുന്നത്. ഇവരാണ്, കള്ളപ്പണം വെളുപ്പിച്ച കേസില്‍ ടുണീഷ്യയില്‍ അറസ്റ്റിലായത്. രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി. മാര്‍ച്ച് 6-നാണ് സുമൂദ് ഫ്ലോട്ടില്ലയുടെ ടുണീഷ്യന്‍ കോര്‍ഡിനേഷന്‍ അംഗങ്ങളായ വായേല് നൗവര്‍, ഭാര്യ ജവാഹര്‍ ചന്ന, നബീല്‍ ചന്നൂഫി, മുഹമ്മദ് അമീന് ബന്നൂര്‍, സന മഹിദ്ലി എന്നിവരുള്‍പ്പെടെയുള്ള ഏഴ് ആക്റ്റീവിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പത്ത് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മാര്‍ച്ച് 16-ഓടെയാണ് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ആദ്യ ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ലയുടെ ഭാഗമായി നടത്തിയ ഫണ്ട് ശേഖരണത്തിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നാണ് ആരോപണം. ഗ്രേറ്റ തന്‍ബര്‍ഗ് ഈ ഫ്ലോട്ടില്ല പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഈ മാസമാദ്യം ടുണീഷ്യയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഗ്രേറ്റ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഫലസ്തീന് അനുകൂല പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംഘാടകര്‍ ആരോപിക്കുന്നു. നിയമപരമായ അനുമതി ലഭിച്ച പരിപാടികള്‍ പോലും പോലീസ് തടയുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടുണീഷ്യന്‍ പ്രസിഡന്റ് ഖൈസ് സയീദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും മേല്‍ നടക്കുന്ന കര്‍ശനമായ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റുകളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. പക്ഷേ തെളിവുകള്‍ എന്നും തെളിവുകളാണെല്ലോ? ഇസ്രയേല്‍ അത് നല്‍കുന്നുണ്ട്. ആഗോള വ്യാപകമായുള്ള ഹമാസിന്റെ നെറ്റ് വര്‍ക്കുകളിലേക്കാണ് അത് സൂചന നല്‍കുന്നത്.
അത് ഹമാസ് സംഘടന
ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല ഹമാസിന്റെ സംഘടനയാണെന്നാണ് ഇസ്രയേല്‍ തെളിവ് സഹിതം ആരോപിക്കുന്നത്. ഗസ്സയിലെ ഹമാസ് പോസ്റ്റുകളില്‍ നിന്ന് 2021-ല്‍ കണ്ടെടുത്ത ചില ഔദ്യോഗിക രേഖകളിലൂടെയാണ് ‘ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല’യുടെ പോയ്മുഖം വെളിപ്പെട്ടത്. ഹമാസിന്റെ വിദേശകാര്യ വിഭാഗമായ പി.സി.പി.എ വഴി ഈ ഫ്ലോട്ടില്ലകള്‍ നിയന്ത്രിക്കപ്പെടുന്നു എന്നാണ് ഇതില്‍ പറയുന്നത്. ഹമാസിന്റെ അന്നത്തെ രാഷ്ട്രീയ മേധാവിയായിരുന്ന ഇസ്മായില്‍ ഹനിയ്യ, പി.സി.പി.എ-യെ ഒരു ഹമാസ് വിഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള കത്താണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. ഫ്ലോട്ടില്ല ദൗത്യങ്ങളുടെ പ്രധാന സംഘാടകനായ സഹീര്‍ ബിരാവി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഹമാസ് നേതാവാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഗസ്സയിലേക്ക് ഫ്ലോട്ടില്ലകള്‍ അയക്കുന്നതില്‍ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. സഹീര്‍ ബിരാവിക്കെതിരെ അമേരിക്കന്‍ ട്രഷറി വിഭാഗം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

സൈഫ് അബു കാഷ്ക് എന്ന ഇതിലെ സ്പെയിന് ആസ്ഥാനമായുള്ള ഈ പ്രവര്‍ത്തകനെ ഹമാസിന്റെ ഏജന്റായാണ് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഫ്ലോട്ടില്ലയില്‍ ഉപയോഗിക്കുന്ന കപ്പലുകളില്‍ പലതും സ്പെയിനിലെ സൈബര്‍ നെപ്റ്റിയൂണ്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ കമ്പനിയുടെ സി.ഇ.ഒ സൈഫ് അബു കാഷ്ക് ആണെന്നും, കമ്പനി ഹമാസിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. വെറുതെ ആരോപിക്കയല്ല അതിനുള്ള രേഖകളും അവര്‍ പുറത്തിവിട്ടിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തനം എന്ന വ്യാജേന അന്താരാഷ്ട്ര ശ്രദ്ധ നേടാനും, ഇസ്രായേലിന്റെ ഉപരോധം ലംഘിക്കാനുമുള്ള ഹമാസിന്റെ ഒരു സിവിലിയന്‍ കവര്‍ ദൗത്യമാണിതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. ഫ്ലോട്ടില്ലയില്‍ വെള്ളമോ, വലിയ തോതിലുള്ള ഭക്ഷണസാധനങ്ങളോ ഇല്ലെന്നും ഇത് കേവലം ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നുമാണ് ഇസ്രായേല്‍ പോലീസിന്റെ പക്ഷം. ഈ ആരോപണങ്ങളെല്ലാം ഗ്ലോബല്‍ സുമൂദ് പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടുണ്ട്. ഇത് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇസ്രായേലിന്റെ വ്യാജപ്രചാരണം മാത്രമാണെന്നും, തങ്ങള്‍ പൂര്‍ണ്ണമായും സന്നദ്ധാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിവിലിയന്‍ സംഘടനയാണെന്നും അവര്‍ വാദിക്കുന്നു. ടുണീഷ്യയില്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായപ്പോഴും അവര്‍ ഇതേവാദമാണ് പറയുന്നത്. പക്ഷേ ഇസ്രയേലിന്റെ മൂന്നില്‍ ശക്തമായ തെളിവുകളാണ് ഉള്ളത്. ഇതോടെ ഗ്രേറ്റയടക്കമുള്ള മനുഷ്യവകാശാ പ്രവര്‍ത്തകരെ മൂന്നിര്ത്തിയുള്ള തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

