ടെഹ്റാൻ: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി (67)കൊല്ലപ്പെട്ടു . ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഔദ്യോഗിക ഭരണസംവിധാനത്തിന് ലഭിക്കുന്ന വലിയ തിരിച്ചടിയാണ് അലി ലാരിജാനിയുടെ മരണം .
ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള തന്ത്രപ്രധാനമായ കെട്ടിടത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു .ഇസ്ലാമിക വിപ്ലവത്തിനായി ജീവിതം മുഴുവൻ ശ്രമിച്ച അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റിയെന്നും അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചെന്നും ഇറാൻ വ്യക്തമാക്കി. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ അർധ ഔദ്യോഗിക മാധ്യമമായ മെഹ്റാണ് ലാരീജാനി കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ചത്. അലി ലാരിജാനിയുടെ കൊലപാതകത്തിൽ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഐആർജിസി.
ഇറാന്റെ ആണവ പദ്ധതികളിലും നയതന്ത്ര ചർച്ചകളിലും നിർണായക പങ്കുവഹിച്ചിരുന്ന മുതിർന്ന നേതാവാണ് അലി ലാരിജാനി. ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയ്യുടെ വിശ്വസ്തനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയായിരുന്നു ലാരിജാനി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്റെ സുരക്ഷയുടെ നേതൃത്വം ലാരിജാനിയുടെ കൈകളിലായിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും (62) കഴിഞ്ഞ ദിവസം രാത്രിയിലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു.
സുലൈമാനി കൊല്ലപ്പെട്ടത് ഇറാൻ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ പതിച്ചു. എന്നാൽ ആർക്കും ജീവഹാനിയോ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.

