കെ കെ ഷൈലജയെ ഒതുക്കാൻ നീക്കമോ? മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ഷൈലജ ; എം വി നികേഷ് കുമാറിന് സീറ്റ് നൽകണമെന്ന് എം വി ഗോവിന്ദൻ

insight kerala

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെകെ ശൈലജയ്ക്ക് അതൃപ്തി. മട്ടന്നൂർ മണ്ഡലം ഇല്ലെങ്കിൽ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെയും അറിയിച്ചതായാണ് വിവരം. കണ്ണൂരിൽ നിന്ന് അഞ്ച് തവണ മത്സരിച്ച കെകെ ശൈലജയ്ക്ക് ഇത്തവണ അവസരം നൽകേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. 

ഉറച്ച സീറ്റെങ്കിൽ ടേം വ്യവസ്ഥ പാലിക്കണം- ആ ഒരൊറ്റ മാനദണ്ഡം വച്ചാണ് മട്ടന്നൂരിൽ നിന്ന് കെകെ ശൈലജ തെറിച്ചത്. തെരഞ്ഞടുപ്പ് അടുത്തപ്പോൾ തലപൊക്കിയ വനിതാ മുഖ്യമന്ത്രി ചർച്ചകളും ജനകീയ നേതാവ് പരിവേഷവും ഒന്നും കണക്കിലെടുക്കേണ്ടതില്ലെന്ന് തന്നെയാണ് കെകെ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെയും നിലപാട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെയാണ് മട്ടന്നൂരിലേക്ക് പാർട്ടി പരിഗണിക്കുന്നത്. കെകെ ശൈലജയുടെ കാര്യത്തിൽ സംസ്ഥാനതലത്തിൽ ഇനി പുനരാലോചന ഉണ്ടായാലും പരിഗണിക്കാൻ സാധ്യത പേരാവൂരിൽ മാത്രമാണ്. 2011 മുതൽ സണ്ണി ജോസഫ് ജയിച്ച് വരുന്ന മണ്ഡലത്തിൽ കനത്ത മത്സരം നടക്കും. ഇത് മുൻകൂട്ടിക്കണ്ട് കൂടിയാണ് മട്ടന്നൂരില്ലെങ്കിൽ പിന്നെ മത്സരിക്കാനില്ലെന്ന നിലപാടിലേക്ക് കെകെ ശൈലജ എത്തുന്നതും അത് നേതൃത്വത്തെ അറിയിക്കുന്നതും.

തളിപ്പറമ്പിൽ ഒന്നാം പേര് എൻ സുകന്യയുടേതാണെങ്കിലും പ്രാദേശികമായി ഉയരുന്ന എതിർപ്പുകൾ സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്. ജില്ലാ നേതൃത്വത്തിന്‍റെ പരിഗണനയ്ക്ക് വന്നില്ലെങ്കിലും എംവി നികേഷ് കുമാറിന് സ്ഥാനാർത്ഥിത്വം നൽകേണ്ടതാണെന്ന അഭിപ്രായം എംവി ഗോവിന്ദനുണ്ട്. ഇക്കാര്യം സംസ്ഥാന തലത്തിൽ ഒരു പക്ഷേ ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളും മേൽകമ്മിറ്റി പരിഗണനക്ക് ശേഷം പ്രഖ്യാപിക്കുന്നതാണ് സംഘടനാ ശൈലി. ജില്ലാ തലങ്ങളിലെ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article