നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയും വധഭീഷണി മുഴക്കിയും യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ യു.കെ യിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശിയായ യുവാവാണ് ബാഗ് പരിശോധിക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടി കയറിയത്. ലഗേജ് പരിശോധിക്കാൻ സമ്മതിക്കാതിരുന്ന ഇയാൾ അസഭ്യം പറഞ്ഞും വധഭീഷണി മുഴക്കിയും ഏറെ നേരം ജോലി തടസപെടുത്തി. പോലീസിൽ വിവരമറിയിച്ചതോടെ പോലീസ് മഹസർ തയ്യാറാക്കി ലഗേജ് പിടിച്ചെടുത്തു. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
