ഫ്ലാറ്റ് നിർമ്മിക്കാൻ പണം വാങ്ങി; ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ്

insight kerala

മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് കേസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥലത്ത് ഫ്ലാറ്റ് നിർമ്മിച്ചു തരാം എന്ന് പറഞ്ഞു പണം വാങ്ങി എന്നാണ് കേസ്. കഴക്കൂട്ടം ബൈപ്പാസിൽ 45 സെൻറ് സ്ഥലമാണ് ഷിബുവിനും കുടുംബാംഗങ്ങൾക്കും ഉള്ളത്. ഇവിടെ ഫ്ലാറ്റ് നിർമ്മിച്ചു തരാം എന്ന് പറഞ്ഞാണ് ഒരു കൺസ്ട്രക്ഷൻ കമ്പനി മുഖേന പണം വാങ്ങിയത്. കൺസ്ട്രക്ഷൻ കമ്പനിക്ക് 2020 ൽ രണ്ട് തവണയായി 15 ലക്ഷം രൂപ നൽകിയിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്. ധാരണപത്രം ഒപ്പിടുന്ന വേളയിൽ ഷിബു ബേബി ജോൺ ഉണ്ടായിരുന്നുവെന്നും ധാരണപത്രം വായിച്ചിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വർഷം ഇത്ര കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമിച്ചു ലഭിക്കാത്തതിൽ അലക്സ് പോലീസിൽ പരാതി നൽകിയിരുന്നു. കൺസ്ട്രക്ഷൻ കമ്പനി സാമ്പത്തികമായി തകരുന്ന അവസ്ഥയിലായിരുന്നു. വഞ്ചന കുറ്റത്തിന് അലക്സ് ആദ്യം പോലീസിലും പിന്നീട് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും സിവിൽ കേസ് എന്ന പേരിൽ പോലീസ് എഴുതിത്തള്ളുകയായിരുന്നു . പിന്നീട് അലക്സ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തുടർന്ന് കേസ് വീണ്ടും പൊലീസ് ഏറ്റെടുത്തു. എന്നാൽ ധാരണപത്രം ഒപ്പിട്ടതും പണം കൈപ്പറ്റിയതും കൺസ്ട്രക്ഷൻ കമ്പനി എന്നാണ് ഷിബു ബേബി ജോണിന്റെ വാദം. താനോ കുടുംബമോ ഒരു രൂപ പോലും കൈപ്പറ്റി കിട്ടില്ലെന്ന് ഷിബു ബേബി ജോൺ പറയുന്നു. ഈ കമ്പനിയിൽ നിന്ന് തങ്ങൾക്കും മോശം അനുഭവമാണ് ഉണ്ടായതെന്ന് ഷിബു ബേബി ജോൺ പറയുന്നു. പരാതിക്കാരനെ താൻ നേരിട്ട് പോലും കണ്ടിട്ടില്ല എന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. അടിസ്ഥാനരഹിതമായ പരാതി തെരഞ്ഞെടുപ്പ് സമയത്ത് കെട്ടിച്ചമച്ചു ഉണ്ടായതാണെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

Share This Article