കേരളാ കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന്

insight kerala

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. തീരുമാനം കാത്ത് ഇരുമുന്നണികളും നിൽക്കുകയാണ്. കേരള കോൺഗ്രസ് എം മുന്നണി വിടില്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് എല്‍.ഡി.എഫ്. കഴിഞ്ഞ ദിവസം ജോസ് കെ.മാണി നിലപാട് വ്യക്തമാക്കിയത് ഇതിന്‍റെ ഭാഗമെന്നാണ് വിലയിരുത്തല്‍. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളെന്നും എല്‍.ഡി.എഫ് വിലയിരുത്തുന്നു. 

മുഖ്യമന്ത്രി ഇടപെട്ടാണ് മുന്നണി മാറാനുള്ള രഹസ്യ നീക്കം തടയിട്ടത്. റോഷി അഗസ്റ്റിനോട് മുഖ്യമന്ത്രി മുന്നണി മാറരുത് എന്ന് നേരിട്ട് ആവശ്യപ്പെട്ടു. സിപിഎം അറിയാതെ യുഡിഎഫിലേക്ക് ചേക്കേറാൻ ആയിരുന്നു കേരള കോൺഗ്രസ് എം തീരുമാനിച്ചിരുന്നത്. എന്നാൽ മുന്നണി വിടില്ലെന്ന് റോഷി അഗസ്റ്റിൻ മുഖ്യമന്ത്രിയെ അറിയിച്ചതോടെ എംഎൽഎമാരായ പ്രമോദ് നാരായണനും ജയരാജും കൂടെ നിന്നു. ആകെയുള്ള അഞ്ച് എംഎൽഎമാരും മൂന്നുപേർ മാറിയപ്പോൾ ജോസ് കെ മണിയോടൊപ്പം രണ്ടുപേർ മാത്രമായി. ഇതോടെ പിളർപ്പ് ഭയന്ന് ജോസ് കെ മാണി ഇടതിൽ തന്നെ തുടരാൻ തൽക്കാലം തീരുമാനിക്കുകയാണ്.

ഇനി അഥവാ മുന്നണി മാറാനുള്ള ആവശ്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നാലും മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. കേരള കോണ്‍ഗ്രസ് എം ആഗ്രഹം പ്രകടിപ്പിക്കട്ടേയെന്ന നിലപാടിലാണ് യു.ഡി.എഫ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണി മാധ്യമങ്ങളെ കണ്ടിരുന്നത്. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നുമായിരുന്നു ജോസിന്റെ പ്രതികരണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article