തിരുവനന്തപുരം: ശബരിമല സീസൺ കാലങ്ങളിലടക്കം വൻവരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ എഒ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) തസ്തികക്കായി ലേലം വിളി. അടുത്ത വർഷം മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുസ്ഥലം മാറ്റം മുന്നിൽ കണ്ടാണ് ഒമ്പതിലേറെ മഹാക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനുവേണ്ടി ഇപ്പോഴേ ഉദ്യോഗസ്ഥർ പിടിവലി തുടങ്ങിയത്. ഇഷ്ട ലാവണം ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ മുടക്കാൻ ഇവർ തയ്യാറാണ്. കേവലം ഒരു വർഷത്തേക്കാണ് നിയമനം.
ഇതിനായി 20 മുതൽ 35 ലക്ഷം രൂപ വരെ മുടക്കാൻ ചില ഉദ്യോഗസ്ഥർ തയ്യാറാണ്. ഒരു വർഷത്തെ കാലാവധി കഴിയുമ്പോൾ മുടക്കിയ തുകയുടെ രണ്ടര ഇരട്ടി വരെ തിരികെപ്പിടിക്കാൻ കഴിയുമെന്നതിനാലാണ് ഈ ക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനായുള്ള പിടിവലിയും തള്ളിക്കയറ്റവും.
മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ എ ഒ പോസ്റ്റ് ഒപ്പിക്കാൻ നേരത്തെ സസ്പെൻഷൻ നടപടി നേരിട്ട ആറൻമുള ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥ അടക്കം നാലു പേരാണ് രംഗത്തുള്ളത്. അതേസമയം, മുൻ കാലങ്ങളിലെ ഇഷ്ട ലാവണങ്ങളായിരുന്ന പമ്പ, നിലയ്ക്കൽ, എരുമേലി, പന്തളം വലിയ കോയിക്കൽ എന്നിവ ഇപ്പോൾ ആർക്കും വേണ്ട.
പിടിവലി ഒമ്പത് ക്ഷേത്രങ്ങളിലേക്ക്
മലയാലപ്പുഴ ദേവീ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വള്ളിയങ്കാവ്, ചിറയിൻകീഴ്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ചെട്ടിക്കുളങ്ങര ദേവീക്ഷേത്രം, ആലുവ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവല്ലം എന്നിവിടങ്ങളിലെ എഒ പോസ്റ്റിന് വേണ്ടിയാണ് പിടിവലി ശക്തം.
ഇതിനൊപ്പം തിരുനക്കര, കടുത്തുരുത്തി, ജെഎസ് പോസ്റ്റ് ഉള്ള വടക്കൻ പറവൂരിലെ മൂകാംബി എന്നിവിടങ്ങളിലേക്കും ചെറുതല്ലാത്ത തള്ളിക്കയറ്റമുണ്ട്. മലയാലപ്പുഴ, ഏറ്റുമാനൂർ, വള്ളിയങ്കാവ് എന്നിവിടങ്ങളിലെ പോസ്റ്റിന് വേണ്ടിയാണ് ശക്തമായ പിടിവലി. ഇതിൽ മലയാലപ്പുഴയ്ക്കാണ് പിടിവലി ഏറെയും. ഇവിടേക്ക് വേണ്ടിയാണ് നേരത്തെ സസ്പെൻഷൻ നേരിട്ട ഉദ്യോഗസ്ഥ ചരടുവലി നടത്തുന്നത്. ഇഷ്ട ലാവണത്തിനായി ലക്ഷങ്ങൾ മുടക്കുന്നതിലും പോസ്റ്റ് ഒപ്പിച്ചെടുക്കുന്നതിലും യൂണിയൻ ഭേദമില്ല.
20 മുതൽ 35 ലക്ഷം രൂപ വരെ മുടക്കാൻ റെഡി
മഹാക്ഷേത്രങ്ങളിലെ തസ്തികകൾ ഒപ്പിച്ചെടുക്കാൻ 20 മുതൽ 35 ലക്ഷം രൂപ വരെ മുടക്കാൻ ചിലർ തയ്യാറാണെന്നാണ് നന്തൻകോട്ടെ ദേവസ്വം ആസ്ഥാനത്തെ അടക്കം പറച്ചിൽ. ഇത്തരത്തിൽ ചില ഉദ്യോഗസ്ഥർ സ്വമേധയാ രംഗത്ത് വരുന്നതായും വലിയ വിഭാഗം ജീവനക്കാർക്കിടയിൽ ആക്ഷേപമുണ്ട്. കേവലം ഒരു വർഷത്തേക്കാണ് എ ഒ പോസ്റ്റിലേക്ക് നിയമനം ലഭിക്കുക.
2026 നവംബറിലെ ശബരിമല സീസൺ മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നീക്കം. ക്ഷേത്ര വാർഷികോത്സവ സമയത്തെ തറ ലേലം അടക്കമുള്ള കുത്തക ലേലം, സപ്ലയർ തുക, പൂജാദ്രവ്യങ്ങൾ വാങ്ങൽ, ശബരിമല സീസണിലെ ഭക്തജനത്തിരക്ക് എന്നിവയൊക്കെയാണ് പലരും ലക്ഷ്യം വെക്കുന്നതെന്നാണ് ആക്ഷേപം. ഒരു വർഷത്തെ കാലയളവ് കഴിയുമ്പോൾ മുടക്കിയതിന്റെ രണ്ടരയിരട്ടി വരെ “ഉണ്ടാക്കാൻ” സാധിക്കുമെന്നതാണ് പലരുടെയും മോഹകേന്ദ്രമായി ഈ ക്ഷേത്രങ്ങളെ മാറ്റുന്നത്.
ഉന്നതരുടെ മൗനാനുവാദവും സാമുദായിക പ്രീണനവും
ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർ അടക്കം നേരിട്ടാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്ന് വലിയ വിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. വിരമിച്ച “ചിലരും” ഇതിനുപിന്നിലുണ്ട്. ഇതിനൊപ്പം സാമുദായിക സംഘടനകളുടെ ചില പ്രാദേശിക നേതാക്കളുടെ സമ്മർദ്ദവും. ബോർഡിലെ സംഘടനാ നേതാക്കളും ഇത്തരം ലേലം വിളിക്ക് കൂട്ടുനിൽക്കുന്നതായും ആരോപണമുണ്ട്. “ക്വാട്ട” വരെ നിശ്ചയിച്ചാണ് ഇത്തരത്തിലുള്ള ഇടപാടുകളെന്ന് ജീവനക്കാർ തന്നെ ആരോപണമുന്നയിക്കുന്നു. മുളയിലേ നുള്ളാത്തതു കൊണ്ടാണ് ഈയൊരു പ്രവണത ബോർഡിലെ ചിലരിൽ പടരുന്നതെന്നും ബഹുഭൂരിഭാഗം ജീവനക്കാരും പറയുന്നു.

