തിരുവനന്തപുരം : കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫിനും മാണി സി കാപ്പനും ക്യാബിനറ്റ് പദവി നൽകാൻ യുഡിഎഫിൽ തീരുമാനമായി. പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാനാകും. മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ ആകും. രണ്ടുപേർക്കും ക്യാബിനറ്റ് പദവി നൽകുന്നതിൽ യുഡിഎഫിനുള്ളിൽ വിയോജിപ്പുണ്ടായിരുന്നു. പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകിയാൽ ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർക്ക് എന്നത് പ്രായോഗികമല്ല എന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. മകൻ അപു ജോസഫ് നിലവിൽ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പാണ്. പി ജെ ജോസഫിനും പദവി നൽകിയാൽ അനാവശ്യ കീഴ്വഴക്കം ഉണ്ടാകുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ യുഡിഎഫിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന നിലയിൽ പി ജെ ജോസഫിന് ക്യാബിനറ്റ് പദവി കിട്ടണം എന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ഉറച്ചു നിൽക്കുകയായിരുന്നു.
മാണി സി കാപ്പന് മന്ത്രിസഭാംഗത്വം നിഷേധിച്ച സമയത്ത് ക്യാബിനറ്റ് പദവിയോടെ ബോർഡ് കോർപ്പറേഷൻ സ്ഥാനം കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. നോർക്ക ഉപാധ്യക്ഷൻ പദവി തന്നെയാണ് തുടക്കം മുതൽ ഉയർന്നു കേട്ടിരുന്നത്. എന്നാൽ കേസിൽ പെട്ടതോടെ മാണി സി കാപ്പൻറെ ക്യാബിനറ്റ് പദവിയെ ചൊല്ലി വീണ്ടും വിമർശനം ഉയർന്നു. എന്നാൽ പദവി ലഭിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് കാപ്പൻ മുന്നറിയിപ്പു നൽകി. ഒടുവിൽ ഘടകകക്ഷികളെ തൽക്കാലം പിണക്കേണ്ടതില്ല എന്ന തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്.
ക്യാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും .

