നിലവില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളൊന്നും ഇസ്ലാമിക രാജ്യങ്ങളാവില്ല; യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ മതരഹിതര്‍ ഭൂരിപക്ഷമാവും; പ്യൂ റിസേര്‍ച്ചിന്റെ ജനസംഖ്യാറിപ്പോര്‍ട്ടിലെ കൗതുകക്കണക്കുകള്‍ ഇങ്ങനെ

insight kerala

എം റിജു

അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ നോണ്‍പ്രൊഫിറ്റബിള്‍ ഗവേഷണ സ്ഥാപനമാണ് പ്യൂ റിസര്‍ച്ച് സെന്റര്‍. അവര്‍ പുറത്തുവിട്ട വിവിധ ആധികാരിക കണക്കുകള്‍ ലോകത്ത് ചര്‍ച്ചയാവാറുണ്ട്. ഇപ്പോള്‍ ജനസംഖ്യമാറ്റത്തെക്കുറിച്ച് പ്യൂ പുറത്തുവിട്ട കണക്കുകളും വലിയ ചര്‍ച്ചയാവുകയാണ്. 2070ഓടെ ലാകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന മതമായി ഇസ്ലാം മാറുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതോടൊപ്പം മറ്റുരാജ്യങ്ങളിലെ ജനസംഖ്യാമാറ്റവും അവര്‍ അടയാളപ്പെടുത്തുന്നുണ്ട്.

2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി ഇസ്ലാം മാറുമെങ്കിലും, നിലവില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പാശ്ചാത്യ രാജ്യങ്ങളൊന്നും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായി മാറില്ല. പകരം, പല പാശ്ചാത്യ രാജ്യങ്ങളിലും മതവിശ്വാസമില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ച് ക്രിസ്ത്യന്‍ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുക.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മതരഹിതര്‍ വര്‍ധിക്കുന്നു

ആഗോളതലത്തില്‍ മുസ്ലീം ജനസംഖ്യ 80% വര്‍ദ്ധിക്കുമെങ്കിലും, ആ വളര്‍ച്ചയുടെ 74 ശതമാനവും നിലവില്‍ തന്നെ മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് (ഉദാഹരണത്തിന് പാകിസ്ഥാന്‍, നൈജീരിയ) സംഭവിക്കുന്നത്.2020നും 2070-നും ഇടയില്‍ പുതുതായി മുസ്ലീം ഭൂരിപക്ഷമായി മാറാന്‍ സാധ്യതയുള്ള ഏക രാജ്യം പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റാണ്. ഇതോടെ ലോകത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം 53-ല്‍ നിന്ന് 54 ആയി ഉയരും.
ഐവറി കോസ്റ്റില്‍ നിലവില്‍ ഒരു മതത്തിനും 50 ശതമാനത്തിന് മുകളിലുള്ള കേവല ഭൂരിപക്ഷമില്ല. 42.5% ജനസംഖ്യയുമായി ഇസ്ലാം ആണ് രാജ്യത്തെ ഏറ്റവും വലിയ മതവിഭാഗം.

ലോകത്തെ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം 120-ല്‍ നിന്ന് 110 ആയി കുറയും. ഇതിന് പ്രധാന കാരണം ജനങ്ങള്‍ മതം ഉപേക്ഷിച്ച് ‘മതരഹിതര്‍’ ആയി മാറുന്നതാണ്, അല്ലാതെ ഇസ്ലാമിലേക്കുള്ള മാറ്റമല്ല. യു.എസ്, കാനഡ, ജര്‍മ്മനി എന്നീരാജ്യങ്ങളില്‍, 2070-ഓടെ ക്രിസ്ത്യാനികള്‍ക്ക് 50 ശതമാനത്തിന് മുകളിലുള്ള ഭൂരിപക്ഷം നഷ്ടപ്പെടും. എങ്കിലും ഈ രാജ്യങ്ങളിലെ ഏറ്റവും വലിയ ഒറ്റ മതവിഭാഗമായി ക്രിസ്തുമതം തന്നെ തുടരും.യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ മതവിശ്വാസമില്ലാത്തവര്‍ ജനസംഖ്യയുടെ 50 ശതമാനത്തിന് മുകളിലെത്തുകയും ഭൂരിപക്ഷമായി മാറുകയും ചെയ്യും.

പക്ഷേ ഉയര്‍ന്ന ജനനനിരക്കും യുവജനങ്ങളുടെ എണ്ണക്കൂടുതലും കാരണം 2035-ഓടെ ലോകജനസംഖ്യയില്‍ മുസ്ലീങ്ങള്‍ (257 കോടി) ക്രിസ്ത്യാനികളെ (252 കോടി) മറികടക്കും. യൂറോപ്പിലും വടക്കേ അമേരിക്കയിലും ക്രിസ്ത്യാനികളുടെ എണ്ണം കുറയുമ്പോള്‍, സബ്-സഹാറന്‍ ആഫ്രിക്കയില്‍ ക്രിസ്ത്യന്‍ ജനസംഖ്യ വന്‍തോതില്‍ വര്‍ദ്ധിക്കും. 2070-ഓടെ ലോകത്തിലെ പകുതിയിലധികം (54%) ക്രിസ്ത്യാനികളും ആഫ്രിക്കയിലായിരിക്കും ജീവിക്കുക. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ യു.എസിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാജ്യമായി മാറും.

പാശ്ചാത്യ രാജ്യങ്ങളില്‍ മതരഹിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും, ലോകത്തിലെ ഏറ്റവും കൂടുതല്‍ മതരഹിതരുള്ള ചൈനയിലെ ജനസംഖ്യ കുറയുന്നത് കാരണം ആഗോളതലത്തില്‍ ഇവരുടെ ശതമാനം 24%-ല്‍ നിന്ന് 17% ആയി കുറയും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ജനസംഖ്യ കുറയുന്നതിനാല്‍ ആഗോളതലത്തില്‍ ബുദ്ധമത വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറയും. മംഗോളിയ, ലാവോസ് എന്നീ രാജ്യങ്ങള്‍ക്ക് ബുദ്ധമത ഭൂരിപക്ഷം നഷ്ടപ്പെടും.

ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായി തുടരും

ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമായി തന്നെ തുടരുമെന്ന് പ്യൂ റിസേര്‍ച്ച് പറയുന്നു. (ഏകദേശം 77% ഹിന്ദുക്കള്‍). എന്നാല്‍ 2070-ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ജീവിക്കുന്ന രണ്ടാമത്തെ രാജ്യമായി (പാകിസ്ഥാന് പിന്നില്‍) ഇന്ത്യ മാറും.
2070-ഓടെ ഇന്ത്യയിലെ ഹിന്ദുജനസംഖ്യ 17.6 കോടി വര്‍ദ്ധിച്ച് 129 കോടിയായി ഉയരും. എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെങ്കിലും, മൊത്തം ജനസംഖ്യയിലെ ഹിന്ദുക്കളുടെ വിഹിതം 79.4 ശതമാനത്തില്‍ നിന്ന് 75.8 ശതമാനമായി കുറയും. എങ്കിലും ഇന്ത്യയിലെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗത്തിലധികവും ഹിന്ദുക്കള്‍ തന്നെയായിരിക്കും. 2020-ല്‍ ഇന്ത്യയില്‍ 21.3 കോടി മുസ്ലിങ്ങളാണുണ്ടായിരുന്നത് (ജനസംഖ്യയുടെ 15.2%). 2070 ഓടെ ഇത് 33.4 കോടിയായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതോടെ ഇന്ത്യന്‍ ജനസംഖ്യയിലെ മുസ്ലിം വിഹിതം 15.2 ശതമാനത്തില്‍ നിന്ന് 19.6 ശതമാനമായി വര്‍ദ്ധിക്കും. 2070-ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. 46.1 കോടി മുസ്ലിം ജനസംഖ്യയുമായി പാക്കിസ്ഥാനായിരിക്കും ഒന്നാം സ്ഥാനത്ത്. നിലവില്‍ ഒന്നാമതുള്ള ഇന്തോനേഷ്യയെ പാക്കിസ്ഥാന്‍ മറികടക്കും.

ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിനിടയിലുള്ള ഉയര്‍ന്ന പ്രത്യുല്‍പാദന നിരക്കും യുവാക്കളുടെ എണ്ണക്കൂടുതലുമാണ് ഈ ജനസംഖ്യാ വ്യതിയാനത്തിന് പ്രധാന കാരണമായി പ്യൂ റിസര്‍ച്ച് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. 2070-ലും ഇന്ത്യ വ്യക്തമായ ഹിന്ദു ഭൂരിപക്ഷ രാജ്യമായി തുടരുമെന്നും, ലോകത്തിലെ ഹിന്ദു ഭൂരിപക്ഷമുള്ള രണ്ട് രാജ്യങ്ങളില്‍ ഒന്നായി (ഇന്ത്യയും നേപ്പാളും) നിലനില്‍ക്കുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2020-ല്‍ ലോകത്ത് ഏകദേശം 230 കോടി ക്രൈസ്തവരും 200 കോടി മുസ്ലിംകളുമാണുണ്ടായിരുന്നത്. 2035-ഓടെ മുസ്ലിം ജനസംഖ്യ 257 കോടിയായി ഉയരുമ്പോള്‍ ക്രൈസ്തവ ജനസംഖ്യ 252 കോടിയായിരിക്കുമെന്നാണ് കണക്ക്. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ഈ അന്തരം ഇനിയും വര്‍ധിക്കുമെന്നും 2070 ആകുമ്പോഴേക്കും മുസ്ലിം ജനസംഖ്യ 360 കോടി കടക്കുമെന്നുമാണ് പ്രവചനം. ആ സമയം ക്രൈസ്തവ ജനസംഖ്യ ഏകദേശം 300 കോടിയായിരിക്കും.

insight kerala

Share This Article