കോഴിക്കോട് : റോഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി ദമ്പതികള് നാടിന് മാതൃകയായി. പുതിയങ്ങാടി പടിഞ്ഞാറെ വട്ടക്കണ്ടി വികാസ് ഭവനിൽ സന്ദീപ് കുമാറും ഭാര്യ വിനീതയുമാണ് തങ്ങളുടെ സത്യസന്ധതയിലൂടെ നാട്ടുകാരുടെയും പൊലീസിന്റെയും പ്രശംസ പിടിച്ചുപറ്റിയത്.
ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് വെസ്റ്റ് ഹിൽ ചുങ്കത്ത് റോഡിൽ ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണമാല വീണുകിടക്കുന്നത് സന്ദീപിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആഭരണം നഷ്ടപ്പെട്ടതാണെന്ന് മനസ്സിലാക്കിയ സന്ദീപ് വൈകീട്ടോടെ ഭാര്യയെയും കൂട്ടി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി ആഭരണം റോഡിൽ നിന്ന് ലഭിച്ചതാണെന്ന് വ്യക്തമാക്കി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷനിൽ ലഭിച്ച ആഭരണം വെസ്റ്റ് ഹിൽ ചുങ്കത്തുള്ള കെ.എസ്.എഫ്.ഇ ജീവനക്കാരിയായ എടക്കാട് സ്വദേശി ഇന്ദുവിന്റേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആഭരണത്തിന്റെ ഉടമയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സന്ദീപ്, ഭാര്യ വിനീത മക്കളായ കൃഷ്ണനന്ദ, വിഷ്ണു എന്നിവർ ചേർന്ന് സ്വർണ്ണമാല കൈമാറി. കളഞ്ഞുപോയ ആഭരണം തിരികെ ലഭിച്ചതിൽ സന്ദീപിനും കുടുംത്തിനും നന്ദി അറിയിച്ചു.
നടക്കാവ് ഇൻസ്പെക്ടർ ജംഷിദ്. പി, എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാഹുൽ, സിവിൽ പോലീസ് ഓഫീസർ നിഷോബ് എന്നിവരും ചേർന്നാണ് ആഭരണം കൈമാറിയത്. സന്ദീപിന്റേയും കുടുംബത്തിന്റേയും ഉയർന്ന പൗരബോധത്തെയും സത്യസന്ധതയെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
കളഞ്ഞുകിട്ടിയ 6 പവൻ്റെ സ്വർണ്ണമാല തിരികെ നൽകി മാതൃക കാട്ടി ദമ്പതികൾ
