ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിപ്പിച്ച് ഇറാൻ; കുവൈത്തിലെ യുഎസ് വ്യോമതാവളവും ബഹ്റൈനിലെ സൈനിക കേന്ദ്രങ്ങളും ലക്ഷ്യം

insight kerala

കെയ്‌റോ: ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിപ്പിച്ച് ഇറാൻ. കുവൈത്തിലെ യുഎസ് നിയന്ത്രണത്തിലുള്ള അലി അൽ സലേം വ്യോമതാവളവും ബഹ്റൈനിലെ വിവിധ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച പുലർച്ചെയാണ് കുവൈത്തിലെയും ബഹ്റൈനിലെയും കേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായത്. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ കേന്ദ്രം ഉൾപ്പെടെയുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലും ഇറാൻ ലക്ഷ്യമിട്ടിരുന്നു. ചൊവ്വാഴ്ച ബഹ്റൈനിലെ അമേരിക്കൻ റഡാർ സംവിധാനത്തിനു നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിലുള്ള ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രം അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ചിരുന്നു.

കുവൈത്തിലെ അലി അൽ സലേം വ്യോമതാവളത്തിലെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോൺ, മിസൈൽ വിക്ഷേപണ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. അതേസമയം, നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബഹ്റൈനിലും ഇറാന്റെ ആക്രമണങ്ങൾ സൈന്യം പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതിനിടെ, സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്ത രണ്ട് ക്രൂസ് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു. ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് സൗദിയിലെ മറ്റു മൂന്ന് നഗരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തും മേഖലയിലെ കപ്പൽ ഗതാഗതവും പുതിയ ആക്രമണങ്ങളോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. അമേരിക്കയുടെ നാവിക ഉപരോധവും സൈനിക നീക്കങ്ങളും തുടരുന്ന സാഹചര്യത്തിൽ ഇറാൻ ആക്രമണം ശക്തമാക്കുന്നത് മേഖലയിൽ കൂടുതൽ സംഘർഷത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലുമുണ്ട്. ആഗോള എണ്ണവിതരണത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും ഇത് ബാധിച്ചേക്കാം.

Share This Article