രഞ്ജിത് വധക്കേസ്; ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തം; മറ്റ് 9 പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്; പിഴയും ശിക്ഷ വിധിച്ചു

insight kerala

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. പിഴയും വിധിച്ചിട്ടുണ്ട്. ഒന്നാംപ്രതി കൃഷ്ണകുമാറിനും പതിനൊന്നാം പ്രതി ഗോപാലൻ സുരേഷിനും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. തിരുവനന്തപുരം വഞ്ചിയൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ 11 പ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കഴിഞ്ഞദിവസം വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അതുകൊണ്ട് കോടതിക്ക് ചുറ്റും കനത്ത പോലീസ് സുരക്ഷാവലയം തീർത്തിരിക്കുകയാണ്.

2008 ഒക്ടോബർ 17ന് പുലർച്ചെ 5 മണിക്കാണ് രഞ്ജിത്തിന്റെ കൊല നടക്കുന്നത്. തിരുവനന്തപുരം മണ്ണന്തല കോട്ടമുകളിലെ ‘വിനായക ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്’ കടയ്ക്കുള്ളിലാണ് കൊലപാതകം നടന്നത്.രണ്ട് കാറിലും ബൈക്കിലുമായെത്തിയ എട്ടംഗ സംഘം കടയിലേക്ക് ഇരച്ചുകയറി വെട്ടുകത്തിയും കൊടുവാളും ഉപയോഗിച്ച് രഞ്ജിത്തിനെ ആക്രമിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം രഞ്ജിത്തിന്റെ ശരീരത്തിൽ 47 മുറിവുകളുണ്ടായിരുന്നു. കേസിൽ ആകെ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 11 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ ‘വെള്ളി നാരായണൻ’ എന്ന നാരായണൻകുട്ടി ഒളിവിലാണ്.

സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ സുഹൃത്തായിരുന്ന വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട സംഭവത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article