പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചു

insight kerala

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ഇയാൾ കീഴടങ്ങാൻ തയ്യാറാകാതെ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

നവംബർ 11ന് അഖ്‌റാനിലെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിനു നേരെ നടന്ന ആക്രമണത്തിൽ ലത്തീഫ് ഭട്ടിനും കൂട്ടാളിയായ ഉമർ നിസാർ ദാറിനും പങ്കുണ്ടായിരുന്നു. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഉമർ നിസാർ ദാർ കൊല്ലപ്പെട്ടിരുന്നു.

ലത്തീഫിനെ കണ്ടെത്തുന്നതിനായി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. 500ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. കീഴടങ്ങാൻ ആവശ്യപ്പെട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ലത്തീഫുമായി വിഡിയോ കോളിലൂടെ സംസാരിച്ചെങ്കിലും വഴങ്ങിയില്ല. പള്ളിക്ക് പുറത്തും പ്രഖ്യാപനങ്ങൾ നടത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജീവിതം ഇനിയും മുന്നിലുണ്ടെന്നും പ്രായം കുറവാണെന്നും പറഞ്ഞ് സുരക്ഷാസേന കീഴടങ്ങാൻ പ്രേരിപ്പിച്ചെങ്കിലും ലത്തീഫ് തയ്യാറായില്ല. പുലർച്ചെ 2.45ഓടെ ഇയാൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പള്ളിക്കുള്ളിൽ നിന്നാണ് വെടിവെപ്പുണ്ടായിരുന്നതെന്നതിനാൽ സുരക്ഷാസേന പരമാവധി സംയമനം പാലിച്ചെന്നും എസ്എസ്പി അനായത് അലി പറഞ്ഞു.

ലത്തീഫിന്റെ വധത്തിൽ സിആർപിഎഫ് മേധാവി ജിപി സിങ് പ്രതികരിച്ചു. ‘ചില കാര്യങ്ങൾ തണുത്ത കാലാവസ്ഥയിലും തണുപ്പോടെ തന്നെ തിരിച്ചുനൽകുന്നതാണ് നല്ലത്’ എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ കുറിപ്പ്. ഏറ്റുമുട്ടലിനെ പരാമർശിച്ചായിരുന്നു ഈ പ്രതികരണം.

Share This Article