ഇസ്ലാമാബാദ്: പാകിസ്താനിലെ അഡിയാല ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശമാകുന്നതായി പരാതി. രക്തസമ്മർദം അപകടകരമായ നിലയിൽ ഉയർന്നതായും മസ്തിഷ്ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി രാജ്യത്തെ ഉന്നത ജഡ്ജിമാർക്ക് അദ്ദേഹം കത്തയച്ചു.
നവംബർ 10-ന് രക്തസമ്മർദം 192, 193 എന്ന നിലയിലെത്തിയെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും കത്തിൽ ആരോപിച്ചു. ദിവസവും 22 മണിക്കൂർ വരെ ഏകാന്ത തടവിൽ കഴിയേണ്ടിവരുന്നതായും കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ മതിയായ അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ ബുഷ്റ ബീബിക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പ്രത്യേക പരിഗണനയല്ല, നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കി തനിക്ക് മതിയായ ചികിത്സ നൽകണമെന്നാണ് ആവശ്യം. ജീവനോടെ തുടരാൻ കഴിഞ്ഞാൽ മാത്രമേ നിരപരാധിത്വം തെളിയിക്കാനാകൂവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

