ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ പ്രതിഷേധം. ഷെയ്ഖ് ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിൽ പ്രതിഷേധം അക്രമാസക്തമായി. ഞായറാഴ്ച നടന്ന പ്രകടനങ്ങളിൽ നൂറുകണക്കിന് അവാമി ലീഗ് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾക്കും ഔട്ട്പോസ്റ്റുകൾക്കും നേരെ ആക്രമണം നടത്തി.
വടിവാളുകളും ആയുധങ്ങളുമായി എത്തിയ പ്രതിഷേധക്കാർ പൊലീസ് വാഹനം തീയിട്ട് നശിപ്പിക്കുകയും പൊലീസ് ഔട്ട്പോസ്റ്റ് തകർക്കുകയും ചെയ്തു. ഹസീന സർക്കാരിനെ പുറത്താക്കിയതിന്റെ ഓർമയ്ക്കായി സ്ഥാപിച്ച സ്മാരകവും പ്രതിഷേധക്കാർ തകർത്തു. ബാരിക്കേഡുകൾ മറികടന്ന് നഗരത്തിലെ വിവിധ റോഡുകളിൽ പ്രവർത്തകർ പ്രവേശിച്ചു. സ്ത്രീകളും പ്രതിഷേധത്തിൽ പങ്കെടുത്തു.
2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ നിലം പതിക്കുകയും ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം തേടുകയും ചെയ്തു. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് 79-കാരിയായ ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, 2025 നവംബറിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ആരോപണങ്ങളും വിചാരണ നടപടികളും ഹസീന തള്ളിയിട്ടുണ്ട്.
ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ഗോപാൽഗഞ്ചിലെ തുംഗിപാരയിൽ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ രണ്ട് ഓഫീസുകൾ അജ്ഞാതർ തീയിട്ട് നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറെയും പൊലീസ് സൂപ്രണ്ടിനെയും സർക്കാർ മാറ്റി.
പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലും ഗോപാൽഗഞ്ചിലെ സംഘർഷാവസ്ഥ ചർച്ചയായി. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും ആവശ്യാനുസരണം സുരക്ഷാ സേനയുടെ വിന്യാസം വർധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

