മലപ്പുറം: തിരൂരങ്ങാടിയിൽ 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെഎസ്ഇബി. വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. അ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ വൈദ്യുതി ലൈനുകളിൽ പരിശോധനയും പട്രോളിങ്ങും ശക്തമാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അപകടസാധ്യതകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ഇതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് വെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് DYFI പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

