വാഷിങ്ടൺ: ചൈനയ്ക്ക് അത്യാധുനിക എഐ ചിപ്പുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ അമേരിക്കൻ ഭരണകൂടം മാറ്റം വരുത്തുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എൻവിഡിയയുടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികൾ വാങ്ങിയതായി റിപ്പോർട്ട്. അഴിമതി വിരുദ്ധ സംഘടനയായ ഡിക്ലെപ്റ്റോക്രസിയാണ് ട്രംപിന്റെ സാമ്പത്തിക വെളിപ്പെടുത്തൽ രേഖകൾ പരിശോധിച്ച് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.
2025 മേയിൽ ബൈഡൻ ഭരണകൂടം കൊണ്ടുവന്നിരുന്ന എഐ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾ ട്രംപ് ഭരണകൂടം പിൻവലിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പാണ് ട്രംപ് എൻവിഡിയയുടെ ഓഹരികൾ വാങ്ങിയത്. ഒരു മില്യൺ മുതൽ അഞ്ച് മില്യൺ ഡോളർ വരെ മൂല്യമുള്ള ഓഹരികളാണ് ഇക്കാലയളവിൽ വാങ്ങിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
എൻവിഡിയയ്ക്ക് പുറമെ ആപ്പിൾ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികളുടെയും ഓഹരികൾ ട്രംപ് വാങ്ങിയിട്ടുണ്ട്. എന്നാൽ, എൻവിഡിയയുമായി ബന്ധപ്പെട്ട നയമാറ്റത്തിന്റെ സമയവും ഓഹരി വാങ്ങലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. നയപരമായ തീരുമാനങ്ങൾ ട്രംപിന്റെ വ്യക്തിഗത നിക്ഷേപങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചർച്ചകളാണ് ഉയരുന്നത്.
അമേരിക്കയുടെ അത്യാധുനിക എഐ സാങ്കേതികവിദ്യ ചൈനയ്ക്ക് ലഭിക്കുന്നത് തടയുകയായിരുന്നു ജോ ബൈഡന്റെ ഭരണകാലത്ത് കൊണ്ടുവന്ന ‘എഐ ഡിഫ്യൂഷൻ ഫ്രെയിംവർക്ക്’ എന്ന നിയന്ത്രണത്തിന്റെ ലക്ഷ്യം. ദേശീയ സുരക്ഷയും എ ഐ രംഗത്ത് അമേരിക്കയുടെ മേൽക്കൈ നിലനിർത്തുന്നതിനുമായിരുന്നു നടപടി. എന്നാൽ, 2025 മേയിൽ ട്രംപ് ഭരണകൂടം ഈ നിയന്ത്രണം പിൻവലിച്ചു. ഇതോടെ ചൈനയിലേക്ക് കൂടുതൽ എഐ ചിപ്പുകൾ വിൽക്കാനുള്ള എൻവിഡിയയുടെ സാധ്യതകൾ വർധിച്ചു. എൻവിഡിയയുടെ പ്രധാന വിപണികളിലൊന്നായിരുന്നു ചൈന. 2010 മുതൽ 2022 വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പനയുടെ ഏകദേശം നാലിലൊന്ന് ചൈനയിൽ നിന്നായിരുന്നു.
നയമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ എൻവിഡിയയുടെ ഓഹരി മൂല്യത്തിലും വർധനയുണ്ടായി. ഇതിന് മുമ്പുതന്നെ ട്രംപ് കമ്പനിയുടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികൾ വാങ്ങിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

