കാനഡയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം നിയന്ത്രിക്കുന്നു. 2027 മുതൽ 2029 വരെ പ്രതിവർഷം പരമാവധി 1.5 ലക്ഷം പുതിയ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക. പുതിയ ഇമിഗ്രേഷൻ പദ്ധതിയിലാണ് കനേഡിയൻ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
2026-ലെ കണക്കിനേക്കാൾ 5,000 പേരുടെ കുറവാണ് പുതിയ പ്രഖ്യാപനം. താമസസൗകര്യങ്ങളുടെ കുറവും പൊതുസേവനങ്ങളിലെ സമ്മർദവും കണക്കിലെടുത്താണ് നടപടി. വിദ്യാർഥികൾക്ക് പുറമെ പ്രതിവർഷം 2.2 ലക്ഷം വിദേശ തൊഴിലാളികൾക്കും പ്രവേശനം നൽകും. അതേസമയം, കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന നയത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നതാണ് പുതിയ പ്രഖ്യാപനം. എന്നാൽ നിശ്ചിത എണ്ണം പ്രവേശനം ഉറപ്പാണെന്ന് ഇതിനർഥമില്ല. കോളജുകളിലെ പ്രവേശന മാനദണ്ഡങ്ങളും സ്റ്റഡി പെർമിറ്റ് വ്യവസ്ഥകളും വിദ്യാർഥികൾ പാലിക്കണം.

