ഹൈദരാബാദ്: ഗിഗ് തൊഴിലാളികൾ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലും രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്നവരുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന സർക്കാർ നടപ്പാക്കിയ ഗിഗ് തൊഴിലാളി ക്ഷേമനിയമം തൊഴിലാളികൾക്ക് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനം പാലിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ നിയമപ്രകാരം തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ലഭിക്കും. തൊഴിലാളികൾക്ക് വിശ്രമിക്കാനായി വൈഫൈ സൗകര്യത്തോടെയുള്ള വിശ്രമകേന്ദ്രങ്ങളും സർക്കാർ ഒരുക്കും.
അതേസമയം, ബിജെപി-ആർഎസ്എസ് നയങ്ങൾ അദാനി, അംബാനി തുടങ്ങിയ വൻകിട വ്യവസായികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തൊഴിലാളികളെ അടിമപ്പണിക്കാരെപ്പോലെയാണ് ഈ ആശയങ്ങൾ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈദരാബാദിൽ ഗിഗ് തൊഴിലാളികൾക്കൊപ്പം ബൈക്ക് റാലിയിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ഗാന്ധി തൊഴിലാളികളെ അഭിസംബോധന ചെയ്തത്. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം മാർച്ചിലാണ് തെലങ്കാന സർക്കാർ ഗിഗ് തൊഴിലാളികളുടെ രജിസ്ട്രേഷൻ, സാമൂഹിക സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കിയത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിയമനിർമാണം.

