ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയുടെ പിന്തുണ; ധാക്കയുടെ ഉറപ്പുകൾ വേണമെന്ന് റിപ്പോർട്ട്

insight kerala

ന്യൂഡൽഹി: ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് റിപ്പോർട്ട്. എന്നാൽ, മടങ്ങുന്നതിന് മുമ്പ് സുരക്ഷയും നീതിയുക്തമായ വിചാരണയും ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് പദ്ധതിയെന്ന് ഷെയ്ഖ് ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ഇന്ത്യയും അനുകൂലമാണ്. എന്നാൽ, ബംഗ്ലാദേശ് സൈന്യത്തിന്റെ മേൽനോട്ടത്തിൽ ഹസീനയെ തിരിച്ചെത്തിക്കണമെന്നും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്.

2024 ഓഗസ്റ്റിലാണ് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. 2024ലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട നടപടികളിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാനും പുതിയ വിചാരണ നേരിടാനും അവസരം ഉറപ്പാക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, പുറത്തുവരുന്ന വാർത്തകളോട് പ്രതികരിക്കാൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ തയ്യാറായില്ല. ഹസീനയുടെ മടക്കവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഹസീനയ്ക്ക് അഭയം നൽകാൻ ഒരു രാജ്യവും തയ്യാറായിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പ്രസ് സെക്രട്ടറി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു. നിരവധി രാജ്യങ്ങളുടെ പേരെടുത്തുപറഞ്ഞ അദ്ദേഹം, ഹസീനയുടെ മുന്നിലുള്ള അഭയസാധ്യതകൾ ഒന്നൊന്നായി അടയുകയാണെന്നും വ്യക്തമാക്കി.

എന്നാൽ, ഹസീനയുടെ മടക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയോ ബംഗ്ലാദേശ് സർക്കാരോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

Share This Article