ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ 12 മണിക്കൂറിലേറെ തടസ്സപ്പെട്ടതോടെ കമ്പനിയുടെ ഓഹരികൾക്ക് ഇടിവ്. വെള്ളിയാഴ്ച പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ ഓഹരി വില 2.1 ശതമാനം താഴ്ന്നു. ഇതോടെ അമേരിക്കയിലെ പ്രമുഖ ഏഴ് ടെക് കമ്പനികളിൽ നഷ്ടം നേരിട്ട ഏക കമ്പനിയായി മൈക്രോസോഫ്റ്റ്.
ഔട്ട്‌ലുക്ക്, ടീമ്സ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങളാണ് തടസ്സപ്പെട്ടത്. ഇന്ത്യയിൽ ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളുടെ ഇമെയിൽ സേവനങ്ങളെയും തകരാർ ബാധിച്ചു.
സെർവറുകളിലെ സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സൈബർ ആക്രമണത്തിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.

