എം റിജു
ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറിന് ഭൂരിപക്ഷം കിട്ടില്ല എന്ന് വന്നതോടെ ആ രാജ്യം ആകെ തകര്‍ന്നുവെന്ന രീതിയിലാണ് കേരളത്തിലെ സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം തള്ളിമറക്കുന്നത്. എന്നാല്‍ നെതന്യാഹുവിന് ശേഷം പ്രധാനമന്ത്രിയാവുമെന്ന് കരുതുന്ന ഗാദി ഐസന്‍കോട്ട് ഇസ്രയേലിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വീട്ടുവീഴ്ചയുമില്ലാത്ത ആളാണെന്ന് ഇവര്‍ മറന്നുപോവുന്നു.
‘യഷര്‍’ പാര്‍ട്ടി നേതാവും മുന്‍ സിറിയന്‍ അതിര്‍ത്തിയിലെ സൈനിക മേധാവിയുമായ ഐസന്‍കോട്ട് രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടുകളുള്ള നേതാവാണ്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത രാഷ്ട്രീയ എതിരാളിയായി ഉയര്‍ന്നുവന്ന അദ്ദേഹം, ഇസ്രയേല്‍ നെസെറ്റിലെ 67 അംഗങ്ങളുടെ പിന്തുണയോടെ പുതിയ അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളിലാണ്.

ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ പൂര്‍ണ്ണമായും എതിര്‍ക്കുന്ന ഐസന്‍കോട്ട്, ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പ്രദേശങ്ങളുടെ സുരക്ഷാ ചുമതല ഇസ്രയേലിന് മാത്രമായിരിക്കണമെന്നും ഹമാസിന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ക്കണമെന്നും വാദിക്കുന്ന ആളാണ്. ഇസ്രയേല്‍ സൈന്യത്തില്‍ 41 വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം 2015 മുതല്‍ 2019 വരെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ 21ാമത് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു.
ദഹിയാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ഐസന്‍കോട്ട് ഐഡിഎഫ് ചീഫായിരുന്ന കാലത്ത് ഇസ്രയേല്‍ സൈന്യം സിറിയയിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും ഹിസ്ബുള്ളയ്ക്ക് ആയുധം എത്തിക്കുന്ന കോണ്‍വോയികള്‍ക്കും എതിരെ ആയിരക്കണക്കിന് വ്യോമാക്രമണങ്ങളാണ് നടത്തിയത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ അവിടെ സ്വാധീനം ഉറപ്പിക്കുന്നത് തടയാന്‍ ഏതാണ്ട് ദിവസേന എന്നോണം ഇസ്രയേല്‍ രഹസ്യമായി ബോംബാക്രമണം നടത്തിയിരുന്നു. 2019-ല്‍ വിരമിച്ച ശേഷമാണ് ഈ ആക്രമണങ്ങളുടെ യഥാര്‍ത്ഥ വ്യാപ്തി അദ്ദേഹം പുറത്തുവിട്ടത്.
ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള തുരങ്കങ്ങള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, 2018 ഡിസംബറില്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വലിയൊരു സൈനിക ഓപ്പറേഷനാണിത്. ഹിസ്ബുള്ളയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതികളെ തകര്‍ത്തുകൊണ്ട് അവരുടെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ വിജയകരമായി കണ്ടെത്താനും നശിപ്പിക്കാനും ഈ സൈനിക നീക്കത്തിലൂടെ ഇസ്രയേലിന് കഴിഞ്ഞു.
2006-ലെ രണ്ടാം ലബനന്‍ യുദ്ധകാലത്ത് ഇസ്രയേലിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവിയായിരുന്ന സമയത്ത് ഐസന്‍കോട്ട് രൂപരേഖ നല്‍കിയ സൈനിക തന്ത്രമാണ് ദഹിയാ സിദ്ധാന്തം എന്ന് അറിയപ്പെടുന്നത്. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്ന ശത്രുക്കളുടെ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ പോലും അതിശക്തവും അസമവുമായ സൈനിക ശക്തി പ്രയോഗിച്ച് അവരെ പൂര്‍ണ്ണമായി തകര്‍ക്കുക എന്നതാണ് ഈ തന്ത്രം. ഈ ക്രൂരമായ യുദ്ധതന്ത്രം സിവിലിയന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുന്നതിനാല്‍ വലിയ അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
ഗസ്സ അതിര്‍ത്തിയില്‍ പലസ്തീനികള്‍ നടത്തിയ വന്‍ പ്രതിഷേധങ്ങളെ നേരിടാന്‍ അതിശക്തമായ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ ഐഡിഎഫിന് അനുമതി നല്‍കിയത് ഇദ്ദേഹമായിരുന്നു.2018 നവംബറില്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ രഹസ്യ സൈനിക നീക്കവും തുടര്‍ന്നുണ്ടായ ഹമാസുമായുള്ള കടുത്ത ഏറ്റുമുട്ടലുകളും അദ്ദേഹത്തിന്റെ കാലാവധിയിലാണ് നടന്നത്. തന്റെ രാഷ്ട്രീയ നിലപാടുകളില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോഴും, ഇസ്രയേലിന്റെ പരമാധികാരവും ഇറാനെതിരെയുള്ള കടുത്ത പ്രതിരോധവും നിലനിര്‍ത്തുന്ന കാര്യത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനേക്കാള്‍ തന്ത്രപരവും വിട്ടുവീഴ്ചയില്ലാത്തതുമായ സൈനിക വീക്ഷണമുള്ള നേതാവായാണ് ഗാദി ഐസന്‍കോട്ട് വിലയിരുത്തപ്പെടുന്നത്.
മകന്‍ ന്ഷ്ടമായ ഗാസ യുദ്ധം
ഗാദി ഐസന്‍കോട്ടിന്റെ ഇളയ മകനായ ഗാല്‍ മീര്‍ ഐസന്‍കോട്ട് ഗാസയിലെ യുദ്ധത്തിനിടയിലാണ് കൊല്ലപ്പെട്ടത്.2023 ഡിസംബര്‍ 7-നായിരുന്നു ഈ സംഭവം. ആ സമയത്ത് ഗാദി ഐസന്‍കോട്ട് ഇസ്രയേലിന്റെ അടിയന്തര യുദ്ധകാല കാബിനറ്റില്‍ മന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ സൌത്തേണ്‍ കമാന്‍ഡ് സന്ദര്‍ശിക്കുന്നതിനിടയിലാണ് സ്വന്തം മകന് ഗുരുതരമായി പരിക്കേറ്റ വാര്‍ത്ത ഐസന്‍കോട്ട് അറിയുന്നത്. വടക്കന്‍ ഗസ്സയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള ഒരു ഹമാസ് തുരങ്കത്തിന് അടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് 25 വയസ്സുകാരനായ ഗാല്‍ മീറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഉടന്‍ തന്നെ ഇസ്രയേലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ 551-ാം റിസര്‍വ് കമാന്‍ഡോ ബ്രിഗേഡിലെ (699ാം ബറ്റാലിയന്‍) മാസ്റ്റര്‍ സര്‍ജന്റ് പദവിയിലുള്ള കോംബാറ്റ് സൈനികനായിരുന്നു അദ്ദേഹം. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം സൈന്യത്തിന്റെ റിസര്‍വ് ഫോഴ്‌സിന്റെ ഭാഗമായി യുദ്ധത്തില്‍ പങ്കുചേര്‍ന്നത്.

ഈ യുദ്ധത്തില്‍ മകന്‍ മാത്രമല്ല, ഗാദി ഐസന്‍കോട്ടിന്റെ മറ്റ് രണ്ട് അടുത്ത ബന്ധുക്കളും, സഹോദരിമാരുടെ മക്കള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മകന്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ അനന്തരവന്‍ മാവോര്‍ കോഹന്‍ ഐസന്‍കോട്ട് (19 വയസ്സ്) ഗാസയില്‍വെച്ച് കൊല്ലപ്പെട്ടു. പിന്നീട് 2024 നവംബറില്‍ മറ്റൊരു അനന്തരവനായ ക്യാപ്റ്റന്‍ യോഗേവ് പാസി (22 വയസ്സ്) ഗാസയിലെ വടക്കന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐസന്‍കോട്ട് ശക്തമായ ജനപിന്തുണ നേടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്, യുദ്ധത്തില്‍ സ്വന്തം മകനെയും ബന്ധുക്കളെയും നഷ്ടപ്പെട്ട ഒരു പിതാവ് എന്ന നിലയില്‍ ഇസ്രയേലി ജനതയ്ക്ക് അദ്ദേഹത്തോട് തോന്നുന്ന വലിയ വൈകാരിക അടുപ്പം കൂടിയാണ്. ഇത്തരത്തിലുള്ള ഒരാള്‍ ഇസ്രയലിന്റെ തലപ്പത്ത് വരുന്നതോടെ, ആ രാജ്യം കൂടുതല്‍ ശക്തിപ്പെടുകയാണ് ഫലത്തില്‍ ചെയ്യുക. ‘കമ്മലിട്ടവന്‍പോയപ്പോള്‍, കടുക്കനിട്ടവന്‍ വന്നു’ എന്ന നമ്മുടെ നാട്ടിലെ പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുന്നതും ഐസന്‍കോട്ടിനാണ്.

