തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ രണ്ട് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമെന്ന് വിശദീകരിച്ച് എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു. വിശദീകരണം തേടിയുള്ള സര്‍ക്കാരിന്റെ കത്തിനാണ് കമ്മിഷണറുടെ രേഖാമൂലമുള്ള മറുപടി. എഫ് എല്‍ സെവന് ലൈസന്‍സ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും വിശദീകരണത്തിലുണ്ട്. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ ത്രീ സ്റ്റാറായി ഉയര്‍ന്നാല്‍ ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്സൈസ് ഡപ്യുട്ടി കമ്മിഷണര്മാര്ക്കുണ്ട്. ഇതിന്റെ ഭാഗമായാണ് എറണാകുളത്തും, കോട്ടയത്തും മൂന്നെണ്ണത്തിന് അനുമതി നല്‍കിയത്. ഉദ്യോഗസ്ഥരും ഉത്തരവാദിത്തം നിറവേറ്റിയത് കൊണ്ട് മാത്രമാണ് അവര്‍ക്ക് വീഴ്ചയില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അനുമതിയുടെ മറവില്‍ സാമ്പത്തിക ഇടപാടെന്ന് മന്ത്രി സംശയിച്ചാല്‍ ഏത് അന്വേഷണത്തിനും തയാറാണ്. മദ്യനയം അന്തിമമാകുന്നത് വരെ ബാര്‍ ലൈസന്‍സ് അനുവ സർദിക്കാനോ, പുതുക്കാനോ പാടില്ലെന്ന് വ്യക്തമാക്കി രേഖാമൂലം സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും എക്സൈസ് കമ്മിഷണറുടെ വിശദീകരണത്തിലുണ്ട്. ബാര്‍ ലൈസന്‍സ് അനുവദിച്ചതിന്റെ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദമായ മറുപടിയാണ് എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.
