കോര്‍ണിയ മാറ്റിവെക്കല്‍ അനിസ്‌ലാമികം! ശസ്ത്രക്രിയകള്‍ നിരോധിച്ച് താലിബാന്‍; മനുഷ്യ ശരീരഭാഗങ്ങള്‍ എടുക്കുന്നതും മാറ്റിവെക്കുന്നതും ശരീഅത്തിന് എതിരെന്ന് ഫത്‌വ; അഫ്ഗാനില്‍ അന്ധര്‍ക്കും മതശാസനകള്‍ വഴി പീഡനം!

insight kerala

എം മാധവദാസ്

അഫ്ഗാനിസ്ഥാനില്‍ കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് താലിബാന്‍ ഭരണകൂടം നിരോധിച്ചു. അന്താരാഷ്ട്ര മാധ്യമമായ ദ ടെലിഗ്രാഫ് ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താണ് ഈ വിവരം. മനുഷ്യ ശരീരഭാഗങ്ങള്‍ വില്‍ക്കുന്നതും മാറ്റിവെക്കുന്നതും ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും ചൂണ്ടിക്കാണിച്ചാണ് താലിബാന്റെ ‘മതകാര്യ മന്ത്രാലയം’ ഈ ഉത്തരവ് ഇറക്കിയത്. പാക്കസ്ഥാന്‍ ആസ്ഥാനമായുള്ള ‘ആപ്ന’ പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അഫ്ഗാനിലെ കാബൂള്‍, ജലാലാബാദ് എന്നീ നഗരങ്ങളില്‍ നടന്നിരുന്ന സൗജന്യ കോര്‍ണിയ മാറ്റിവെക്കല്‍ പദ്ധതികള്‍ താലിബാന്റെ ഈ പുതിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായി നിര്‍ത്തലാക്കേണ്ടി വന്നു.

വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങളും സ്‌ഫോടനങ്ങളും കാരണം കാഴ്ച നഷ്ടപ്പെട്ട നൂറുകണക്കിന് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാരാണ്, കാഴ്ച തിരിച്ചുകിട്ടാനുള്ള അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് ഇതോടെ ദുരിതത്തിലായത്.
എന്നാല്‍ അവയവക്കച്ചവടം തടയാന്‍ എന്ന പേരില്‍ താലിബാന്‍ നടപ്പിലാക്കിയ ഈ വിലക്കിന് ഇസ്ലാമിക നിയമങ്ങളുമായി ബന്ധമില്ലെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പല പ്രമുഖ ഇസ്ലാമിക പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നു. ഒരാളുടെ ജീവന്‍ രക്ഷിക്കാനോ കാഴ്ച നല്‍കാനോ വേണ്ടി പണം വാങ്ങാതെ നടത്തുന്ന അവയവദാനങ്ങള്‍ ഇസ്ലാമില്‍ അനുവദനീയമാണെന്നാണ് ഭൂരിഭാഗം ആധുനിക ഇസ്ലാമിക നിയമജ്ഞരുടെയും വിധി.2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കുന്ന കടുത്ത സ്ത്രീവിരുദ്ധ-മതമൗലികവാദ പരിഷ്‌കാരങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ് ഈ നിരോധനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കാഴ്ച ലഭിക്കുന്ന പ്രതീക്ഷ പൊലിയുന്നു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കാഴ്ച നഷ്ടപ്പെട്ട കാബൂളിലെ തെരുവ് കച്ചവടക്കാരനായ സലാമത്ത് ഖാനെപ്പോലുള്ള സാധാരണക്കാരാണ് ഈ തീരുമാനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍. സൗജന്യ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സെപ്റ്റംബറില്‍ ഓപ്പറേഷനായി കാത്തിരുന്ന ഇദ്ദേഹത്തിന് ഓഗസ്റ്റില്‍ പദ്ധതി നിര്‍ത്തിവെച്ചു എന്ന വിവരമാണ് ലഭിച്ചത്. പ്രതീക്ഷയുടെ അവസാന കണികയും നശിച്ച അവസ്ഥയിലാണ് ഇപ്പോള്‍ സലാമത്ത്. ജലാലാബാദിലുണ്ടായ സ്‌ഫോടനത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ നാല്‍പ്പതുകാരിയായ ഖദീജ ബീഗത്തിന്റെയും സ്ഥിതി സമാനമാണ്. രണ്ട് മാസം മുന്‍പ് ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, കോര്‍ണിയ മാറ്റിവെക്കല്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതരോട് പദ്ധതി നിര്‍ത്തിവെക്കാന്‍ താലിബാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര്‍ സങ്കടത്തോടെ ഓര്‍ത്തെടുക്കുന്നു.

പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളും മൂലം അഫ്ഗാനിസ്ഥാനില്‍ കണ്ണിന് പരിക്കേല്‍ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍, ജോലിസ്ഥലങ്ങളിലെ അപകടങ്ങള്‍ എന്നിവ മൂലം കാഴ്ച നഷ്ടപ്പെട്ട നിരവധി ചെറുപ്പക്കാരാണ് നിലവില്‍ ചികിത്സക്കായി കാത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് ഭയന്ന് ശസ്ത്രക്രിയകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ കാബൂളിലെ നൂര്‍ ഐ ഹോസ്പിറ്റല്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ താലിബാന്‍ വാക്കാല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കാബൂളിലെ നൂര്‍ ഐ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടര്‍ നൂര്‍ സമന്‍ ഹാഷിം വ്യക്തമാക്കി. ഉത്തരവ് ലംഘിച്ചാല്‍ നേരിടേണ്ടി വരുന്ന കഠിനമായ ശിക്ഷകളെ ഭയന്ന് ആരും ഇത് ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നില്ല. രാജ്യത്ത് ആവശ്യത്തിന് നേത്രരോഗ വിദഗ്ദ്ധരോ പ്രാദേശികമായി ലഭ്യമാകുന്ന കോര്‍ണിയകളോ നിലവിലില്ലെന്ന പ്രതിസന്ധിക്കിടയിലാണ് പുതിയ വിലക്ക് വന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനി വംശജരായ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ‘ആപ്ന’ എന്ന സംഘടനയാണ് അഫ്ഗാനിസ്ഥാനിലേക്ക് ആവശ്യമായ കോര്‍ണിയകള്‍ സൗജന്യമായി എത്തിച്ചുനല്‍കിയിരുന്നത്. അവയവദാനത്തിലൂടെ ലഭിക്കുന്ന കോര്‍ണിയകള്‍ ഉപയോഗിച്ച് 2017 മുതല്‍ പാക്കിസ്ഥാനില്‍ പതിനായിരത്തോളം ആളുകള്‍ക്ക് ഇവര്‍ കാഴ്ച തിരികെ നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനിലേക്കും വ്യാപിപ്പിച്ചത്.

പാക്കിസ്ഥാനിലെ പെഷവാറില്‍ വെച്ച് അഫ്ഗാനികളായ മൂന്ന് നേത്രരോഗ വിദഗ്ദ്ധര്‍ക്ക് കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. പദ്ധതി ആരംഭിച്ചതിന് ശേഷം നൂറിലധികം ആളുകള്‍ക്ക് വിജയകരമായി കാഴ്ച തിരികെ ലഭിക്കുകയും ചെയ്തു. എന്നാല്‍ താലിബാന്റെ പെട്ടെന്നുള്ള ഈ തീരുമാനത്തോടെ കഴിഞ്ഞ നാല് മാസമായി തങ്ങള്‍ നടപ്പിലാക്കി വന്ന സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിച്ചതായി പദ്ധതിയുടെ തലവന്‍ ഡോ. ഫവാദ് സഫര്‍ പറഞ്ഞു.യുദ്ധവും സംഘര്‍ഷങ്ങളും തകര്‍ത്ത അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി ലഭ്യമാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രോഗ്യസേവനങ്ങളിലൊന്നാണിതെന്ന് ‘ആപ്ന’ ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായ വിലക്കുകള്‍ നീക്കി കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ താലിബാന്‍ ഭരണകൂടം ഉടനടി അനുമതി നല്‍കണമെന്ന് സംഘടന ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Share This Article