കെ വി നിരഞ്ജന്
ടെല്‍അവീവ്: പതിറ്റാണ്ടുകളായി ഇസ്രായേല്‍ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി നിലകൊള്ളുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ പൊതുതിരഞ്ഞെടുപ്പാണ് 2026 ഒക്ടോബര്‍ 27-ന് നടക്കുന്നത്. ഒക്ടോബര്‍ 7-ലെ സുരക്ഷാ വീഴ്ചകള്‍, വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗാസ-ലെബനന് യുദ്ധങ്ങള്‍, ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ വോട്ടെടുപ്പ്, നെതന്യാഹുവിന്റെ ഭരണകാലത്തെ ഏറ്റവും കടുത്ത വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിലെ 120 സീറ്റുകളിലേക്ക് നടക്കുന്ന ഈ പോരാട്ടത്തില്‍ നെതന്യാഹുവിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ കൂട്ടായ്മയാണ് രൂപീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന വിവിധ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത് ഇസ്രായേലില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നാണ്. ഭരണം പിടിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ തികയ്ക്കാന്‍ നെതന്യാഹുവിന്റെ വലതുപക്ഷ-തീവ്ര യാഥാസ്ഥിതിക സഖ്യത്തിന് കടുത്ത പോരാട്ടം നടത്തേണ്ടിവരും. ചാനല്‍ 12, കെയര്എന് (ഗഅച) തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വേകള്‍ പ്രകാരം പ്രതിപക്ഷ സഖ്യത്തിനാണ് നേരിയ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്.

പ്രതിപക്ഷത്ത് കരുത്തരായ എതിരാളികള്‍
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ശക്തരായ നേതാക്കളാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഗാഡി ഐസന്കോട്ടാണ് ഇവരില്‍ പ്രമുഖന്. മുന്‍ ഇസ്രായേല്‍ സൈനിക മേധാവിയും യുദ്ധകാല ക്യാബിനറ്റ് അംഗവുമായിരുന്ന ഐസന്‍കോട്ടിന്റെ ‘യാഷര്‍’ പാര്‍ട്ടിയാണ് ഇത്തവണ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഏറ്റവും വലിയ ഭീഷണി. യുദ്ധ തന്ത്രങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി നെതന്യാഹുവുമായി അകന്ന ഇദ്ദേഹത്തിന് വലിയ ജനപിന്തുണയുണ്ട്.
രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ട വലതുപക്ഷ വോട്ടര്‍മാരെയാണ് ലക്ഷ്യമിടുന്നത്. നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ യാഷെര്‍ ലാപിഡ് മധ്യവര്‍ത്തി വോട്ടര്‍മാരെ ഏകോപിപ്പിച്ച് നെതന്യാഹു വിരുദ്ധ ചേരിക്ക് ശക്തമായ അടിത്തറ നല്കുന്നു.’ഇസ്രായേല്‍ ബെയ്തേനു’ പാര്‍ട്ടിയുടെ ഈ തീവ്ര വലതുപക്ഷ നേതാവ്, അവിഗ്ദോര്‍ ലീബര്‍മാന്‍ നെതന്യാഹുവിനോടുള്ള കടുത്ത വിയോജിപ്പ് കാരണം പ്രതിപക്ഷ ചേരിക്കൊപ്പം ഉറച്ചുനില്‍ക്കയാണ്.
ഈ തിരഞ്ഞെടുപ്പ് കേവലം ഒരു ഭരണമാറ്റത്തിനായുള്ളതല്ല, മറിച്ച് യുദ്ധാനന്തര ഇസ്രായേലിന്റെ സുരക്ഷാ നയങ്ങളും സാമ്പത്തിക ഭാവിയും നിര്‍ണ്ണയിക്കുന്ന ഒന്നാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇസ്രായേലില്‍ നെതന്യാഹു യുഗം അവസാനിക്കുമോ അതോ വീണ്ടുമൊരു രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അദ്ദേഹം അധികാരം നിലനിര്‍ത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
മുഖ്യ വിഷയം ഇസ്രയേലിന്റെ സുരക്ഷ
സുരക്ഷാ വീഴ്ചകള്‍, യുദ്ധത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍, ഭരണഘടനാ പ്രതിസന്ധികള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം നെതന്യാഹുവിനെതിരെ കടുുത്ത പ്രചാരണം നടത്തുന്നത്. 2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതില്‍ നെതന്യാഹു സര്‍ക്കാരിന് സംഭവിച്ച കനത്ത സുരക്ഷാ-ഇന്റലിജന്‍സ് വീഴ്ചയാണ് പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധം. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ സുരക്ഷാ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ തിരിച്ചെത്തിക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ നിലനില്‍പ്പിനായി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്നും സ്വന്തം സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ്പാണ് നെതന്യാഹുവിന് പ്രധാനമെന്നും അവര്‍ ആരോപിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധം കാരണം ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, യുദ്ധ ഫണ്ടുകള്‍ക്കായി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതി ഭാരം എന്നിവ മുന്‍നിര്‍ത്തി മധ്യവര്‍ത്തി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു.
നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളും മുന്‍പ് അദ്ദേഹം കൊണ്ടുവരാന്‍ ശ്രമിച്ച വിവാദപരമായ ജുഡീഷ്യല്‍ പരിഷ്കരണങ്ങളും ഇസ്രായേലിന്റെ ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. നിയമവ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാണ് നെതന്യാഹു തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ഭരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് യായ്ര് ലാപിഡിനെപ്പോലുള്ളവരുടെ പ്രധാന ആരോപണം. നെതന്യാഹുവിന്റെ സര്‍ക്കാരിലുള്ള ഇറ്റാമര്‍ ബെന്‍-ഗ്വീര്‍, ബെസാലെല്‍ സ്മോട്രിച്ച് തുടങ്ങിയ തീവ്ര വലതുപക്ഷ നേതാക്കളുടെ നയങ്ങള്‍ ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തിയെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ ഗാഡി ഐസന്‍കോട്ടിന്റെ ‘യാഷര്‍’, യായ്ര് ലാപിഡിന്റെ ‘യേഷ് അതീദ്’, നഫ്താലി ബെന്നറ്റിന്റെ സഖ്യം എന്നിവരെല്ലാം ഇസ്രായേലിന് പുതിയൊരു തുടക്കവും സുരക്ഷിതമായ ഭാവിയും വാഗ്ദാനം ചെയ്താണ് വോട്ട് തേടുന്നത്.

