കണ്ണൂർ: സിപിഎമ്മുമായി ഇടയുന്നുവെന്ന സൂചന നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും പാർട്ടി നേതാവുമായ പി പി ദിവ്യ. തൻ്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി അവർ രംഗത്തെത്തിയത്. ഒരിക്കൽ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ലെന്നും, ഒരു കരയിൽ നിന്നും മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
ബുദ്ധൻ്റെ കഥ സൂചിപ്പിച്ചുകൊണ്ടാണ് ദിവ്യ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ടെന്നും അതിൽ തിരിച്ചറിയാൻ ഒരു സത്യമുണ്ടെന്നും അവർ കുറിച്ചു. ജീവിതത്തിൻ്റെ വഴിത്തിരിവിൽ കണ്ടുമുട്ടിയ മനുഷ്യരും കടന്നുപോയ സാഹചര്യങ്ങളും മനസ്സിൽ മായാത്ത ഓർമകളായി അവശേഷിക്കുന്നുണ്ട്. കാലം മായ്ക്കാത്ത ചില മുറിവുകൾ ചിന്തകളായി ബാക്കിയുണ്ട്.
ചില അനുഭവങ്ങൾ സന്തോഷം നൽകിയപ്പോൾ മറ്റു ചിലത് കണ്ണീരിൻ്റെ ഓർമകളായി മാറി. മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിൻ്റെയും നീതിയുടെയും വില മനസ്സിലാക്കാനും ഇത്തരം അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും അവർ വിശദീകരിച്ചു. യാത്രയ്ക്കിടയിൽ ആഴമേറിയ നദിക്കരയിലെത്തിയ ഒരാൾ മറുകര കടക്കാൻ വള്ളമില്ലാത്തതിനാൽ മരത്തടികൾ ചേർത്ത് ചങ്ങാടമുണ്ടാക്കിയ കഥയാണ് പോസ്റ്റിലുള്ളത്. ജീവൻ രക്ഷിച്ച ചങ്ങാടത്തോട് നന്ദി തോന്നി അയാൾ അത് തലയിലേറ്റി യാത്ര തുടർന്നുവെന്നും, എന്നാൽ അത് ശരിയായ നടപടിയല്ലെന്ന് ബുദ്ധൻ ശിഷ്യന്മാരെ പഠിപ്പിച്ചുവെന്നും ദിവ്യ പോസ്റ്റിൽ പറയുന്നു.
നമ്മുടെ ജീവിതത്തിലും ഇത്തരം ചങ്ങാടങ്ങൾ ഉണ്ടെന്നാണ് അവർ ചോദിക്കുന്നത്. ഒരിക്കൽ ചേർത്തുപിടിച്ച ബന്ധങ്ങൾ ഇന്ന് വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ശീലങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകാം. ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. ചിലതിനോട് നന്ദിയുള്ളവരായിരിക്കണം, എന്നാൽ ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം.
മറുകരയിലെത്താൻ സഹായിച്ച ചങ്ങാടത്തെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, മറിച്ച് ജീവിതം പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണെന്നും അവർ കൂട്ടിച്ചേർത്തു. ചില മനുഷ്യർ ജീവിതത്തിലേക്ക് വരുന്നത് പാഠം പഠിപ്പിക്കാനായിരിക്കാം. അനുഭവങ്ങൾ തകർക്കാനല്ല, കരുത്തുള്ളവരാക്കാനാണ്. വേർപിരിയലുകൾ നഷ്ടങ്ങളല്ല, പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളാണെന്നും അവർ വ്യക്തമാക്കി. എല്ലാം മുറുകെപ്പിടിക്കുന്നതല്ല ജീവിതമെന്നും വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണെന്നും അവർ ഓർമിപ്പിച്ചു.
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും നീക്കുകയും പാർട്ടി പദവികളിൽ നിന്നും തരംതാഴ്ത്തുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ അവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് പാർട്ടിയുമായി അകലുന്നുവെന്ന സൂചന നൽകി അവർ രംഗത്തെത്തിയിരിക്കുന്നത്.

