കോവളം സ്പായിലെ പീഡനക്കേസിൽ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. തമിഴ്നാട്ടിലെ ചെങ്കൽപേട്ടയിലും കൊണ്ടുപോയി പീഡിപ്പിച്ചതായി 16കാരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ റിമാൻഡിലായിരിക്കുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പീഡനം നടന്ന സ്ഥലങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് നീക്കം. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും രണ്ട് സ്പാ ഉടമകളുമാണ് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉള്ളത്. കേസിലെ വിവരങ്ങൾ തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്. അതോടൊപ്പം, ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. അദ്ദേഹത്തിൻറെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
