കിഫ്ബി മസാല ബോണ്ട് ഇറക്കിയ സമയത്ത് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിർപ്പ് അറിയിച്ചിരുന്നതായി മിനിറ്റ്സ് രേഖകൾ പുറത്ത്

insight kerala

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇറക്കിയ സമയത്ത് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിർപ്പ് അറിയിച്ചിരുന്നതായി മിനിറ്റ്സ് രേഖകൾ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസും ധനകാര്യ സെക്രട്ടറി മനോജ് ജോഷിയും എതിർ അറിയിച്ചതിന്‍റെ രേഖകളാണ് പുറത്തുവന്നത്. ആഭ്യന്തര വിപണിയിൽ നിന്നും വായ്പ എടുക്കുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകേണ്ടി വരുമെന്നും ഇത് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പലിശ നിരക്ക് അല്പം കൂടുതൽ ആണെങ്കിലും അന്താരാഷ്ട്ര വിപണിയിൽ സ്വാധീനമുറപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ധനമന്ത്രി തോമസ് ഐസക് നിലപാടെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൂടി പങ്കെടുത്ത കിഫ്ബി ബോർഡ് യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.

ബജറ്റിൽ പ്രഖ്യാപിക്കുകയോ മന്ത്രിസഭയുടെ അംഗീകാരം വാങ്ങുകയോ ചെയ്യാതെയാണ് കണ്ണൂർ കേന്ദ്രീകരിച്ച് കിഫ്ബി വൻതോതിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. സ്വന്തം നിലയ്ക്ക് പദ്ധതികൾ അംഗീകരിക്കാൻ കഴിയില്ലെന്നു കിഫ്ബി നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. കിൻഫ്ര നൽകിയ ആശയക്കുറിപ്പിന്റെ (കൺസ്പ്റ്റ് നോട്ട്) മാത്രം അടിസ്ഥാനത്തിലായിരുന്നു തീരുമാനങ്ങൾ. വിശദമായ പദ്ധതിരേഖയോ (ഡിപിആർ) പഠനമോ നടത്തിയില്ല. ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി അംഗീകരിച്ച 16,421 കോടിയിൽ 12,258 കോടിയും (74.64%) കണ്ണൂരിലേക്കായിരുന്നു.

വ്യവസായ മേഖല സ്ഥാപിക്കുന്നതിനു കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1,000 ഏക്കർ ഏറ്റെടുക്കുമെന്ന 2016–17ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ മറവിലായിരുന്നു ഇടപാടുകൾ. ഇതു കണ്ണൂർ ജില്ലയിൽ ആകെ 4,896 ഏക്കർ ഏറ്റെടുക്കാം എന്ന തീരുമാനത്തിലേക്കു കിഫ്ബി മാറ്റി. ഇതിൽ 1,000 ഏക്കർ ഭൂമിയാണ് 2,489 കോടിക്ക് ഇതുവരെ ഏറ്റെടുത്തത്. ഭൂമി ഏറ്റവും ആവശ്യം ഉണ്ടായിരുന്ന വിഴിഞ്ഞത്തെപ്പോലും പരിഗണിക്കാതെ കണ്ണൂരിൽ ഭൂമി വാങ്ങിക്കൂട്ടിയതിനു പിന്നിൽ വൻഅഴിമതിയും ബെനാമി ഇടപാടും നടന്നിട്ടുണ്ടെന്നാണു സൂചന. ഏറ്റെടുക്കലിനു മാസങ്ങൾക്കു മുൻപു സെന്റിന് 20,000 രൂപയ്ക്കുവരെ സ്വകാര്യ വ്യക്തികൾ വാങ്ങിക്കൂട്ടിയ ഭൂമിയാണ് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകി കിഫ്ബി ഏറ്റെടുത്തത്. ഇൗ ഭൂമി ഇൗടുവച്ചു വായ്പയ്ക്കായി പിന്നീട് കിൻഫ്ര ശ്രമിച്ചെങ്കിലും ഭൂമിയുടെ മൂല്യം 20,000 രൂപ പോലും വരില്ലെന്നു കാട്ടി ബാങ്കുകൾ നിഷേധിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇടപാടുകളുടെ വിശദാംശങ്ങൾ സമിതിയിൽ നിന്നു മറച്ചുവയ്ക്കാനും കിഫ്ബി ശ്രമിച്ചു. പലവട്ടം ആവശ്യപ്പെട്ടിട്ടും ചില രേഖകൾ കൈമാറിയില്ല. സമിതി അറിയിച്ചതിനെത്തുടർന്ന് ചീഫ് സെക്രട്ടറി കർശനനിർദേശം നൽകിയതോടെയാണ് നൽകാൻ തയാറായത്. ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും അടുപ്പക്കാരെയും കിഫ്ബിയിൽ ഉയർന്ന ശമ്പളത്തിൽ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നിയമിച്ചതായാണ് രേഖകളിൽ ചേർത്തിരിക്കുന്നത്.

Share This Article