കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കേരള പബ്ലിക് സർവീസ് കമ്മിഷനെതിരെ (പിഎസ്സി) അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം വേണ്ടേ എന്നും, പ്രഥമദൃഷ്ട്യാ തന്നെ ഇതൊരു അഴിമതിയല്ലേ എന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പിഎസ്സിയുടെ ആവശ്യവും കോടതി തള്ളി.
ആസൂത്രണ ബോർഡ് പരീക്ഷയിലെ 58 ചോദ്യങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും കോടതിയുടെ ചോദ്യങ്ങൾ ഉയർന്നത്. ഇത്രയധികം ചോദ്യങ്ങൾ എങ്ങനെയാണ് മാറ്റിയതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ സംബന്ധിച്ച് പിഎസ്സി ഉദ്യോഗസ്ഥർക്കും ചില ഉദ്യോഗാർഥികൾക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ ചോദ്യം ചെയ്യാൻ സർക്കാരിൻ്റെ അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നായിരുന്നു അവരുടെ പ്രധാന വാദം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നും പിഎസ്സി വാദിച്ചു.
എന്നാൽ പിഎസ്സിയുടെ വാദങ്ങളെ കോടതി രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്. 58 മാർക്കിൻ്റെ മൂല്യനിർണയം നടത്താത്ത നടപടി വെറുമൊരു സാങ്കേതിക പിഴവോ ക്ലറിക്കൽ മിസ്റ്റേക്കോ ആണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നൂറുകണക്കിന് ഉദ്യോഗാർഥികളുടെ വിശ്വാസ്യതയും ഭാവിയും സ്വപ്നങ്ങളുമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. അതുകൊണ്ടുതന്നെ ഇതൊരു വലിയ അഴിമതിയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നേരിടണമെന്നും കോടതി നിർദേശിച്ചു. കുറ്റവാളികളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പിഎസ്സി ആവശ്യപ്പെട്ടു.
അന്വേഷണം തടയാൻ കോടതി വിസമ്മതിച്ചു. ഭരണഘടനാ സ്ഥാപനത്തിൽ ഇത്ര വലിയ അഴിമതി നടക്കുമ്പോൾ അന്വേഷണം പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, നിയമപ്രകാരം റിട്ട് ഹർജിയാണോ അതോ ക്രിമിനൽ ഹർജിയാണോ നൽകേണ്ടത് എന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ സിംഗിൾ ബെഞ്ച് പരിശോധന തുടരുകയാണ്.
പിഎസ്സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും കോടതി എടുത്തുപറഞ്ഞു. ഉദ്യോഗാർഥികളുടെ ആശ്രയമായ ഒരു സ്ഥാപനത്തിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നത് ഗൗരവമുള്ള വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ജോലി സ്വപ്നം കണ്ട് പഠിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളോട് ചെയ്യുന്ന അനീതിയാണിതെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ അന്വേഷണം അനിവാര്യമാണെന്നും കോടതിയുടെ പരാമർശങ്ങളിലുണ്ട്. കേസിൽ കോടതിയുടെ തുടർനടപടികൾ പിഎസ്സിക്ക് നിർണായകമാകും.

