കെ വി നിരഞ്ജന്
സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏറ്റവും ഗുരുതരമായ കുറ്റമായി കണക്കാക്കുന്നതാണ്, മയക്കുമരുന്ന് കടത്ത്. അതിന് അവിടെ വധശിക്ഷവരെ കിട്ടും. ഔദ്യോഗികമായി കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും നിരവധി മലയാളികള്‍ക്ക് ഇതുവരെ ഡ്രഗ്കേസില് പെട്ട് സൗദിയില്‍ തലപോയിട്ടുണ്ട്. എത്രയോ അധികം ആളുകള്‍ വര്‍ഷങ്ങളായി പുറംലോകം കാണാതെ ജയിലിലുമാണ്. പക്ഷേ ഇങ്ങനെ പിടിയിലാവുന്നവില് ഒരു ചെറിയ വിഭാഗമെങ്കിലും, നിരപരാധികളാണെന്നാണ് പറയുന്നത്. ആളുകളെ ചതിയില്‍ വീഴ്ത്താന്‍ ഏറ്റവും നല്ല പരിപാടിയാണിത്. അതുകൊണ്ടുതന്നെ നിങ്ങള്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന ആളാണെങ്കില്‍, വണ്ടി ഡീസല്‍ ടാങ്കുവരെ പരിശോധിക്കമെന്നാണ പറയുക. ഏറ്റവും ഒടുവിലായി, തലശ്ശേരി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി ( 41) ആണ് സൗദിയില്‍ വധശിക്ഷക്ക് വിധേയനായത്. ഇതിനുപിന്നില്‍ സുഹൃത്തിന്റെ കൊടുംചതി മൂലമാണെന്ന ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
പിന്നില്‍ കൊടും ചതി
അബൂട്ടി ഓടിച്ചിരുന്ന വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് സുഹൃത്ത് ചതിക്കുകയായിരുന്നുവെന്ന് സഹോദരി ആരോപിക്കുന്നു. അബൂട്ടി സൗദി പോലീസിന്റെ പിടിയിലായ ശേഷം ഈ സുഹൃത്തിനെ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും തികച്ചും ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഇയാള്‍ സ്വീകരിച്ചത്. പ്രവാസ ലോകത്ത് സജീവമായ ഈ മാഫിയാ സംഘത്തിന്റെ വലയില്‍ കുടുങ്ങി വേറെയും മലയാളികള്‍ ജയിലിലായിട്ടുണ്ടെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
ഒമാനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വാഹനം സ്വന്തം സ്വാധീനം ഉപയോഗിച്ച് അബൂട്ടിയുടെ പേരിലേക്ക് മാറ്റി സ്ഥാപിച്ചാണ് ഈ കടുംകൈ ചെയ്തതെന്നും കുടുംബം വ്യക്തമാക്കുന്നു. സൗദിയില്‍ വെച്ച് വധശിക്ഷയ്ക്ക് വിധേയനാകുന്നതിന് മുന്‍പ് സഹോദരനെ അവസാനമായി ഒരുനോക്ക് കാണാനായി ബന്ധുക്കള്‍ സൗദി അറേബ്യയില്‍ എത്തിയിരുന്നെങ്കിലും അധികൃതരില്‍ നിന്നും അതിനുള്ള അനുമതി ലഭിച്ചില്ല. വധശിക്ഷ നടപ്പാക്കിയെന്ന വിവരമറിഞ്ഞ് കടുത്ത ആഘാതത്തിലാണ് ഈ കുടുംബം. വൃദ്ധയായ മാതാവും ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും അടങ്ങുന്നതാണ് അബൂട്ടിയുടെ കുടുംബം. മൂന്ന് സഹോദരിമാരുടെ ഏക ആണ്‍തരി കൂടിയായിരുന്നു ഇദ്ദേഹം.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ പെരിങ്ങാടി സ്വദേശിയായ അബൂട്ടി ഒമാനില്‍ നിന്നും കരമാര്‍ഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സൗദി അതിര്‍ത്തിയിലെ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. അദ്ദേഹം ഓടിച്ചിരുന്ന വാനില്‍ നിന്നും മാരക ലഹരിവസ്തുക്കളുടെ വന്‍ ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ നടപ്പിലാക്കിയ വിവരം കഴിഞ്ഞ ഞായറാഴ്ചയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടത്. അബൂട്ടി സഞ്ചരിച്ചിരുന്ന ജി.എം.സി വാനില്‍ നിന്നും 43 കിലോയോളം വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. കേസില്‍ വിചാരണ കോടതി പ്രോസിക്യൂഷന് ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അബൂട്ടിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഈ ശിക്ഷാവിധി പിന്നീട് അപ്പീല്‍ കോടതിയും സൗദി സുപ്രീം കോടതിയും ശരിവെച്ചു. തുടര്‍ന്ന് രാജവിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

അതേസമയം, ഈ വാഹനം സൗദി അറേബ്യയില്‍ എത്തിക്കാന്‍ മസ്കത്തിലുണ്ടായിരുന്ന സുഹൃത്ത് നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വാഹനം പരിശോധിച്ച സൗദി അധികൃതര്‍ അതിന്റെ രണ്ട് ഇന്ധന ടാങ്കുകളിലൊന്നില്‍ അതീവ രഹസ്യമായി മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. യാത്രയ്ക്ക് മുന്‍പ് ഇന്ധന ടാങ്കിന് ചെറിയ ചോര്‍ച്ചയുണ്ടെന്നും അതില്‍ എണ്ണ അടിക്കരുതെന്നും വാഹനം ഏല്‍പ്പിച്ചയാള്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. വര്‍ഷങ്ങളായുള്ള സൗഹൃദം വിശ്വസിച്ച അബൂട്ടി വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. സുഹൃത്തിനെ കണ്ണുമടച്ച് വിശ്വസിച്ചതാണ് ഇത്തരമൊരു വന്‍ ചതിയില്‍പ്പെടാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. കണ്ണൂര്‍ സ്വദേശിയായ ഈ സുഹൃത്ത് തന്റെ പേരിലുണ്ടായിരുന്ന വാഹനം അനധികൃതമായി അബൂട്ടിയുടെ പേരിലേക്ക് മാറ്റിയാണ് സൗദിയിലേക്കുള്ള യാത്രയൊരുക്കിയത്.
നിയമനടപടിയുമായി ബന്ധുക്കള്‍
കുടുംബത്തിലെ ഏക ആണ്തരിയെ ചതിയില്‍പ്പെടുത്തി മരണത്തിലേക്ക് തള്ളിയിട്ട സുഹൃത്തിനെയും അവന്റെ കൂട്ടാളികളെയും എന്തുവിലകൊടുത്തും നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് അബൂട്ടിയുടെ സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വ്യക്തമാക്കി. അബൂട്ടി മസ്കത്തില് മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നതിനിടെയാണ് ചതിച്ച കണ്ണൂര്‍ സ്വദേശിയെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ പുറത്താണ് ഇയാളോട് നല്ലൊരു വിസ സംഘടിപ്പിച്ചു നല്കാന് അബൂട്ടി അഭ്യര്‍ത്ഥിക്കുന്നത്. ഈ അവസരം മുതലാക്കിയാണ് മലയാളി സുഹൃത്ത് തന്റെ പേരിലുണ്ടായിരുന്ന ജി.എം.സി വാഹനം അബൂട്ടിയുടെ പേരിലേക്ക് മാറ്റുകയും സൗദിയിലേക്ക് എത്തിച്ചു നല്കാന് ആവശ്യപ്പെടുകയും ചെയ്തത്. അബൂട്ടി സൗദി അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ വിവരം അറിഞ്ഞയുടന്‍ വാഹനം കൈമാറിയ സുഹൃത്ത് നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഒമാനിലേക്ക് തിരിച്ചുപോയിട്ടില്ലെന്നും സഹോദരി ആരോപിക്കുന്നു.
പ്രവാസികളെ കേന്ദ്രീകരിച്ച് ഇത്തരം വലിയൊരു മയക്കുമരുന്ന് റാക്കറ്റ് തന്നെ വിദേശത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇത്തരക്കാരുടെ ചതിയില്‍പ്പെട്ട് മറ്റു പല നിരപരാധികളും ദമ്മാമിലെ അടക്കമുള്ള ജയിലുകളില്‍ കഴിയുന്നുണ്ട്. പ്രവാസികളുടെ നിഷ്കളങ്കത മുതലെടുക്കുന്ന മലയാളി സംഘങ്ങള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അബൂട്ടിയുടെ ബന്ധുക്കള്‍ നല്കുന്ന മുന്നറിയിപ്പ്.

