കെ വി നിരഞ്ജന്‍
കോഴിക്കോട്: കേരളത്തിലെ ഏറ്റവും അറിയപ്പെടന്നു സിനിമാ നിരൂപകനാണ് അശ്വന്ത് കോക്ക്. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ ധീരമായ മുഖം നോക്കാതെ പറയുന്ന അദ്ദേഹത്തിന്റെ ശൈലിക്ക് വ്യാപകമായ അംഗീകാരമുണ്ട്. കോക്കിന്റെ ഒറ്റ നെഗറ്റീവ് റിവ്യൂകൊണ്ട് വേണമെങ്കില്‍ ഒരു സിനിമ സാമ്പത്തികമായി പരാജയപ്പെടാം എന്ന് നിലയില്‍ അദ്ദേഹം വളര്‍ന്നുകഴിഞ്ഞു. അതേ അശ്വന്ത് കോക്ക് ഇന്നലെ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്നലെ പിടിയിലായി. അശ്വന്തിന്റെ റിവ്യൂവിനാല്‍ മുറിവേറ്റവര്‍ എല്ലാം തന്നെ ഇപ്പോള്‍ ഇതിന്റെപേരില്‍ അശ്വന്തിനെ വളഞ്ഞിട്ട് ആക്രമിക്കയാണ്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് അശ്വന്ത് കോക്കിന്റെ വാഹനം അപകടമുണ്ടാക്കിയത്. കോക്കിന്റെ മഹീന്ദ്ര ഥാര്‍ വാഹനം കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാര്‍ ഇടിച്ചിരുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. കാര്‍, ഇരുചക്രവാഹന യാത്രക്കാര്‍ എന്നിവരാണ് പരാതിയുമായി എത്തിയത്. അശ്വന്ത് കോക്ക് അമിതമായി മദ്യപിച്ചിരുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകാന്‍ ശ്രമിച്ച അശ്വന്തിനെ പ്രദേശവാസികളും മറ്റ് വാഹന യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. തുടക്കത്തില്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന അശ്വന്തുമായി നാട്ടുകാര്‍ക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.നടക്കാവ് പൊലീസ് സ്ഥലത്തെത്തി അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുത്തു. ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോടും അശ്വന്ത് തട്ടിക്കയറിയിരുന്നു. അശ്വന്തിനെ പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
രാത്രി ഏറെ വൈകിയാണ് എഫ്‌ഐആര്‍ ഇട്ടത്. അപകടകരമായി വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും അശ്വന്തിനെതിരെ കേസെടുത്തു. മദ്യലഹരിയിലായിരുന്ന അശ്വന്തിന് നടക്കാന്‍പോയും വയ്യാത്ത അവസ്ഥായായിരുന്നു. വാഹനത്തില്‍ നിന്നും രണ്ടു കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോള്‍ മദ്യപിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ‘അതിപ്പോള്‍ പറയാനാകില്ല, ദാറ്റ്‌സ് കേരള പൊലീസ്, അവര്‍ അവരുടെ ഡ്യൂട്ടി ചെയ്യുന്നു’ എന്നായിരുന്നു അശ്വന്തിന്റെ പ്രതികരണം.

പക്ഷേ സോഷ്യല്‍ മീഡിയയില്‍ അശ്വന്ത് കോക്കിന്റെ സിനിമാ നിരൂപണത്തോടുള്ള ചൊരുക്കു വെച്ചാണ് അയാളുടെ വ്യക്തിപരമായ കാര്യങ്ങളെ വിലയിരുത്തുന്നത്. കഴിഞ്ഞ കുറേക്കാലമായി അയാള്‍ സിനിമാക്കാരുടെ ശത്രുവാണ്. തല്ലിപ്പൊളി സിനിമകളെ അതേപോലെ അശ്വന്ത് എക്‌സ്‌പോസ് ചെയ്യുമ്പോള്‍, പരിക്കേറ്റവര്‍ ഇപ്പോള്‍ കൂട്ടത്തോടെ സൈബര്‍ ആക്രമണം തുടങ്ങിയിരിക്കയാണ്.

