കെ വി നിരഞ്ജന്
കൊച്ചി: പാര്‍ട്ടി ഓഫീസിനകത്ത് ഒളിക്യാമറവെച്ച് നേതാവിന്റെ അവിഹിത ബന്ധം പിടികൂടിയതുപോലുള്ള കഥകളുണ്ടായിരുന്നു, എറണാകുളത്ത് സിപിഎമ്മില്‍. എന്നാല്‍ പാര്‍ട്ടി വിഭാഗീയത അവസാനിച്ചതോടെ, ഇത്തരം വാര്‍ത്തകള്‍ ഒന്നും തന്നെ കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍, ഒരിടവേളയ്ക്ക് ശേഷം എറണാകുളത്ത് വീണ്ടും ലൈംഗിക അപവാദം ഉണ്ടായിരിക്കയാണ്. മുതിര്‍ന്ന ജില്ലാ കമ്മിറ്റി അംഗത്തിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടി ഗ്രൂപ്പുകളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. നേതാവിനെതിരെ നല്കിയ ഗുരുതര പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നാണ് ആരോപണം.
സി.എന്‍. മോഹനന് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ സെക്രട്ടറിയേറ്റിലെ വനിതാ അംഗം യുവതിയുടെ മൊഴിയെടുത്ത് ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് എസ്. സതീഷ് പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റിട്ടും റിപ്പോര്ട്ടിന്മേല് നടപടിയെടുക്കാതെ വച്ചുതാമസിപ്പിക്കുകയാണെന്നാണ് ആരോപണം.പെരുമ്പാവൂര്‍ സ്വദേശിനിയാണ് ആരോപണവിധേയനായ പാര്‍ട്ടി നേതാവിനെതിരെ 2025 ജനുവരി 10 ന് മുന്‍ ജില്ലാ സെക്രട്ടറിക്ക് കത്തു മുഖേന പരാതി നല്‍കിയത്.
2018-ല്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന ബിജു കുറുമ്പന് ( ഒടിയന് ബിജു) എന്നയാളില്‍ നിന്നും സംരക്ഷണം തേടിയാണ് യുവതി ആരോപണ വിധേയനായ നേതാവിന്റെ അടുത്തേക്ക് എത്തുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ശല്യം ചെയ്തയാളെ നേതാവും അനുയായികളും ചേര്‍ന്ന് തല്ലിപ്പരിക്കേല്പ്പിക്കുകയും, ഇതേ തുടര്‍ന്ന് കോടനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നും പാര്‍ട്ടി അനുയായികളായ പ്രതികളെ ഒഴിവാക്കാന്‍ യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നേതാവ് കൈപ്പറ്റിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
കേസ് ഒത്തുതീര്പ്പാക്കുന്നതിന്റെയും സഹായങ്ങളുടെയും മറവില്‍ നേതാവ് തന്നോട് ശാരീരികമായി വഴങ്ങാന്‍ ആവശ്യപ്പെടുകയും ഫോണിലൂടെയും നേരിട്ടും നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പ്രധാന ആരോപണം. ഇതേക്കുറിച്ച് നേതാവിന്റെ ഭാര്യയോടും പാര്‍ട്ടിക്കാരോടും പറഞ്ഞിരുന്നതായും, ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഒടുവില്‍ പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കുന്നു.
ഈ നേതാവിന്റെ ശല്യത്തില്‍ നിന്ന് രക്ഷ വേണമെന്നും അല്ലാത്തപക്ഷം മക്കളോടൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പരാതിക്കത്തില്‍ യുവതി ചൂണ്ടിക്കാട്ടുന്നുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന് മുന്‍പ് സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തപ്പെടുകയും പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തുകയും ചെയ്ത നേതാവിനെതിരെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
വിപുലീകരിച്ച ജില്ലാ കമ്മിറ്റി ചേരാനിരിക്കെ ആരോപണവിധേയനായ നേതാവിനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്താന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. വനിതാ നേതാവിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും നടപടിയെടുക്കാതെ കുറ്റക്കാരനായ നേതാവിനെ നിലവിലെ ജില്ലാ സെക്രട്ടറിയും നേതൃത്വവും സംരക്ഷിക്കുകയാണെന്ന ആക്ഷേപം അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

