തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സാംസ്കാരിക സംഘടനകൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതംതുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് വിവിധ അക്കാദമികളുടെ ചുമതലയിൽ വന്നിരിക്കുന്നത്.
കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ സർക്കാർ നിയമിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം പി സുരേന്ദ്രനാണ് അക്കാദമിയുടെ സെക്രട്ടറി.
കേരള സംഗീത അക്കാദമിയുടെ ചെയർമാനായി ഗായകൻ ജി വേണുഗോപാലിനെ നിയമിച്ചു. നാടക സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പഠിപ്പിച്ച ഹേമന്ത് കുമാറാണ് വൈസ് ചെയർമാൻ.

കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ചു. നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് ആണ് വൈസ് ചെയർമാൻ. പ്രേംകുമാർ മുമ്പ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും വൈസ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൻറെ ചെയർമാനായി നിർമ്മാതാവ് രഞ്ജിത്തിനെ നിയമിച്ചു. കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ബോർഡ് മേൽനോട്ടം നിർവഹിക്കും.
കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി രാജ്യാന്തരതളത്തിൽ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫസർ പ്രകാശ് മൂർത്തി ചുമതല ഏൽക്കും.

