സൂര്യ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ അമരക്കാരനാണ് വിടവാങ്ങുന്നത്. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സൂര്യ കൃഷ്ണമുർത്തി. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിൽ അരങ്ങൊരുക്കി.
നാടകരചയിതാവ്, സാംസ്‌കാരിക നായകൻ, കലാ സംഘാടകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു. കേരള സർക്കാർ 2023-ൽ സിവിലിയൻ ബഹുമതിയായ കേരളപ്രഭ നൽകി ആദരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്നുതവണ സേവനമനുഷ്ഠിച്ചു.
മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തി തന്നെയാണ്. ചായക്കടക്കഥകൾ ദൂരദർശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.

