ഇടുക്കിയിൽ മണ്ണിടിച്ചിൽ; 2 മരണം; 30 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

insight kerala

കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി ചിന്നമ്മാൾ എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിൻ്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ വട്ടവട മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ
കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി ചിന്നമ്മാൾ എന്നിവർ മരിച്ചു.
അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ​ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൃഷി സ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡ്ഡ് മണ്ണൊലിച്ച് വന്ന് തകരുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് മരണമെന്നും സൂചനയുണ്ട്.

വട്ടവടയിൽ രാത്രിയിലും കനത്ത മഴ തുടരുകയാണ്. കൊട്ടക്കാമ്പൂരിൽ പാലം
ഒലിച്ചു പോയി. കൊട്ടക്കാമ്പൂർ – തട്ടാമ്പാറ റോഡിലെ പാലമാണ് തകർന്നത്. ഇതോടെ 30 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വിനോദ സഞ്ചാരികളും ടൂറിസ്റ്റുകളും കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇടുക്കിയിൽ വാഗമൺ, തൊടുപുഴ മേഖലകളിലും മഴ ശക്തമാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article