കെ വി നിരഞ്ജന്
കൊച്ചി: മദ്യക്കേസും മെസി തട്ടിപ്പുകേസുമായി ആകെ നാണംകെട്ട് നില്‍ക്കുമ്പോഴും റിപ്പോര്‍ട്ടര്‍ ടീവിക്ക് സിപിഎമ്മിന്റെയും എസ്ഡിപിഎയുടെയും പിന്തുണ. കോണ്‍ഗ്രസും, മുസ്ലീംലീഗും, ബിജെപിയും ട്വന്റിട്വന്റിയും അടക്കമുള്ള മുഴവന്‍ പാര്‍ട്ടികളും ഒരുപോലെ എതിര്‍ക്കുമ്പോഴും, കേരളത്തില്‍ ആകെ ഈ രണ്ടുകക്ഷികള്‍ മാത്രമാണ്, റിപ്പോര്‍ട്ടര്‍ ടീവിയെയും ആന്റോ അഗസ്റ്റിനെയും അനുകുലിക്കുന്നത്. പിണറായി വിജയടക്കമുള്ള സിപിഎം നേതാക്കള്‍, റിപ്പോര്‍ട്ടര്‍ ടീവിക്കുവേണ്ടി അതിശക്തമായി രംഗത്ത് എത്തിയിരുന്നു.
റിപ്പോര്‍ട്ടര്‍ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ നേതാക്കള്‍ കഴിഞ്ഞ ദിവസം ചാനല്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ കൊച്ചിയിലെ ന്യൂസ് ഡെസ്കില്‍ പോലീസ് പരിശോധന നടത്തുകയും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ ചാനല്‍ ആസ്ഥാനത്ത് എത്തിയത്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം പോലീസ് കടന്നുകയറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറി എന്‍.കെ. നൗഷാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എസ്. ഷാനവാസ്, ജില്ലാ കമ്മിറ്റിയംഗം സഈദ് വാഴക്കുളം എന്നിവരാണ് ചാനല്‍ ഓഫീസ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട ആന്റോ പിടിയിലാകുന്നത്.
ആന്റോക്ക് കൂടുതല്‍ കുരുക്ക്
റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ എംഡിയായ ആന്റോ അഗസ്റ്റിനെ ഒന്നിനുപുറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുകയാണ്. ഫുട്ബോള്‍ ഇതിഹാസം ലയണ്‍ മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിന് പിന്നാലെ, ഇപ്പോള്‍ രണ്ടുകേസുകള്‍ കൂടി ആന്റോയുടെ പേരില്‍ വന്നിരിക്കയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇപ്പോള്‍ പൊലീസ് കേസെടുത്തു. നേരത്തെ റിപ്പോര്‍ട്ടര്‍ ടീവിയിലടക്കം നടന്ന റെയ്ഡിന്റെ ഭാഗമായി ആന്റോയുടെ വീട് പരിശോധിച്ചപ്പോള്‍, കണക്കിലധികമുള്ള മദ്യവും പിടികുടിയിരുന്നു. ഇതിലും ആദ്ദേഹം അറസ്റ്റിലായത്.
വി ഡി സതീശന്റെ വ്യാജ വിവാഹക്കേസില്‍, ആന്റോ അഗസ്റ്റിനെയാണ് കേസിലെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. പൊതുസമൂഹത്തില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. മറ്റ് രണ്ട് യുവാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ട് അത് കൈവശം സൂക്ഷിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഡിജിപിക്ക് ലഭിച്ച പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ വഴി തിരുവനന്തപുരം സൈബര്‍ സിറ്റി എസിപിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ രാജു പി. നായരുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകളും യുവാക്കള്‍ റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിന് നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് വിഷയം ചര്‍ച്ചയായത്. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള രേഖകളുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്നും വാര്‍ത്ത നല്‍കാനായിരുന്നു ഇവരുടെ ആവശ്യമെന്നും ആന്റോ പറഞ്ഞിരുന്നു. രേഖകളുടെ ആധികാരികതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വിലാസത്തില്‍ അന്വേഷണം നടത്തിയെന്നും രേഖകള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ വാര്‍ത്ത നല്‍കേണ്ടെന്ന് തീരുമാനിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വ്യാജരേഖ നിര്‍മിച്ചവരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണമെന്നാണ് രാജു പി. നായരുടെ പരാതിയിലെ ആവശ്യം. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്നും റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും പൊലീസിനെയോ സര്‍ക്കാരിനെയോ അറിയിക്കാതിരുന്നത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖയുമായി റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെത്തിയ വ്യക്തികളെ കണ്ടെത്താനും അവരുടെ ലക്ഷ്യം വ്യക്തമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടില്‍ റെയ്ഡിനിടെ എക്സൈസ് സംഘം കണ്ടെടുത്തത് വ്യക്തികള്‍ക്ക് നിയമപരമായി കൈവശം വെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യമാണ്. ഇതിന് പുറമേ അനുവദനീയമായതിന്റെ ഇരട്ടിയിലേറെ വൈനും എക്സൈസ് പിടിച്ചെടുത്തു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത 43 ലിറ്റര്‍ വിദേശമദ്യവും 22 ലിറ്റര്‍ വൈനുമാണ് വീടിനുള്ളിലെ മിനി ബാറില്‍ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്.

