കെ വി നിരഞ്ജന്‍
കൊച്ചി:പഹല്‍ഗാം ആക്രമണത്തില്‍ മരിച്ച രാമചന്ദ്രന്റെ മകള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ അത്യന്തം മോശമായ രീതിയില്‍ രാജ്യവിരുദ്ധ കമന്റ് ഇട്ടതിനാണ് പിടിയിലായ മുഹമ്മദ് സനൂഫിന് ഭീകരബന്ധം. വിദേശത്തായിരുന്ന ഇയാള്‍ അവിടെ വെച്ചാണ് ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടത്. നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ തൊടുപുഴ മുട്ടം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സനൂഫിന്റെ ഫോണ്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന്, ഇയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ‘സിഗ്‌നല്‍’ ആപ്പില്‍ ഒരു രഹസ്യ ഗ്രൂപ്പ് ഉണ്ടാക്കിയതായി കണ്ടെത്തി.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സനൂഫിനെതിരെ പോലീസ് രണ്ട് യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.സിഗ്‌നല്‍ ആപ്പിലെ രഹസ്യ ഗ്രൂപ്പില്‍ ഉത്തരേന്ത്യക്കാരില്‍ നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. മുമ്പ് പല കേസുകളിലും പ്രതികളായവരും ഈ ഗ്രൂപ്പിലുണ്ട്. ഇവര്‍ ചേര്‍ന്ന് ഒരു സംഘടന രൂപീകരിക്കുകയും അതിനൊരു ഭരണഘടന വരെ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ രഹസ്യ ഗ്രൂപ്പ് വഴി രാജ്യവിരുദ്ധ നീക്കങ്ങള്‍ക്കും മറ്റ് ഗൂഢാലോചനകള്‍ക്കും ഇവര്‍ വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്തതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.
രണ്ടാമത്തെ യുഎപിഎ കേസില്‍ സനൂഫിനെ കൂടാതെ മറ്റ് ആറ് പേര്‍ കൂടി പ്രതികളാണ്. ഇവര്‍ ആറ് പേരും ഉത്തരേന്ത്യക്കാരാണ്. ഈ ഗ്രൂപ്പിലുള്ളവര്‍ രാജ്യത്തിനെതിരെ വന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യത വര്‍ദ്ധിച്ചു. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന സനൂഫിന് അവിടെ നിന്ന് മറ്റ് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ അന്വേഷിക്കും. ഈ കേസില്‍ എന്‍ഐഎയുടെ ഭാഗത്ത് നിന്ന് ഉടന്‍ തന്നെ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കും.

