ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി നിര്‍ദേശത്തെ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ. ഇഡിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. സിഎംആര്‍എല്‍ ഇടപാടിൽ പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവരുടെ പേരില്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. എന്നാല്‍ വിഡി സതീശന്‍ സര്‍ക്കാര്‍ ഇഡിയുടെ ഏജന്റായി പ്രവര്‍ത്തിക്കരുതെന്നും സിപിഎം പിബി മുന്നറിയിപ്പ് നല്‍കി.
രാഷ്ടീയ ലക്ഷ്യത്തോടെയുള്ള ഈ പ്രതികാര നടപടിയെ എല്ലാ മാര്‍ഗങ്ങളിലൂടെയും പാർട്ടി ചെറുക്കുമെന്നും സിപിഎം വ്യക്തമാക്കി. വീണയ്ക്കെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ലക്ഷ്യമിടാനുള്ള ഒരു മറ മാത്രമാണെന്ന് തുടക്കം മുതൽ വ്യക്തമായതാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുവെന്നും സിപിഎം പിബി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സിപിഎമ്മിനെ ഭീഷണിപ്പെടുത്താനോ പിണറായി വിജയനെ കുടുക്കാനോ കഴിയുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുതുന്നുവെങ്കില്‍, അവര്‍ തെറ്റുപറ്റിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി എക്‌സില്‍ കുറിച്ചു. രാജ്യത്തെ മൂന്ന് കോടതികള്‍ – വിജിലന്‍സ്, ഹൈക്കോടതി, സുപ്രീം കോടതി – എന്നിവ തള്ളിക്കളഞ്ഞ കേസിലാണ് പിണറായി വിജയനെതിരെ കേരള പൊലീസിനെക്കൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിക്ക് ശേഷമാണ് ഈ നടപടികളെന്നും എംഎ ബേബി പറഞ്ഞു
മോദി സര്‍ക്കാര്‍ അവരുടെ കീഴിലുള്ള ഏജന്‍സികളെ, പ്രത്യേകിച്ച് ഇഡിയെ, രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അവരുടെ താല്‍പ്പര്യം നിറവേറ്റുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കെപിസിസി പ്രസിഡന്റ് ഇതിനകം തന്നെ അവരുടെ സന്നദ്ധത സൂചിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും ആരൊക്കെയാണ് ഡീല്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ ദുഷ്ടലാക്കുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എംഎ ബേബി പറഞ്ഞു.

