തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്കിടയാക്കിയ തെറ്റുകൾ തിരുത്താൻ സി.പി.എം. വിശാലസംസ്ഥാന കമ്മിറ്റി ചേരാനിരിക്കേ, കുറ്റം ജനങ്ങളിൽ ചാർത്തിയുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിശദീകരണത്തിൽ പാർട്ടിക്കുള്ളിലും എതിർപ്പ്. കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾക്ക് വിരുദ്ധമായി വിശദീകരണം നടത്തിയതിലാണ് മുറുമുറുപ്പ്.
സ്ഥാനാർഥി നിർണയം, പ്രചാരണ രീതി, നേതാക്കളുടെ സംസാരത്തിലുള്ള പ്രശ്‌നങ്ങൾ എന്നിവയെല്ലാം തിരഞ്ഞെടുപ്പുഘട്ടത്തിൽ ജനങ്ങളെ ഇടതുമുന്നണിയിൽനിന്ന് അകറ്റാൻ കാരണമായെന്ന് കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതാണ്. ആ വീഴ്ചകൾക്ക് സമഗ്രമായ തിരുത്തൽ നടത്താനുള്ള കർമപരിപാടി തയ്യാറാക്കാനാണ് വിശാല സംസ്ഥാനകമ്മിറ്റി നിശ്ചയിച്ചത്.
ഇതിനുമുൻപായി, പാർട്ടി അണികൾപോലും ഇടതുപക്ഷത്തിന് എതിരായി മാറിയ പയ്യന്നൂരും തളിപ്പറമ്പിലും വിശദീകരണയോഗം നിശ്ചയിച്ചതും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന് വിരുദ്ധമായി ജനങ്ങളിൽ കുറ്റംചാർത്തിയതും എന്തിനാണെന്ന ചോദ്യമാണ് പാർട്ടിക്കുള്ളിലുള്ളത്.
കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റിയിൽ പാർട്ടിയിൽ വരുത്തേണ്ട ‘തിരുത്തൽ’ ചർച്ചയ്ക്ക് അജൻഡ നിശ്ചയിക്കാനുള്ള നീക്കമാണിതെന്നും ഒരുവിഭാഗം കരുതുന്നു. ഒറ്റനേതാവിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണവും പൊതുവേദിയിലെ പ്രസംഗത്തിലെ പരാമർശങ്ങളും ജനങ്ങളെ അകറ്റിയെന്നത് പാർട്ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, ജനങ്ങൾക്ക് തെറ്റുപറ്റിയെന്നായിരുന്നു വിശദീകരണ പൊതുയോഗത്തിൽ പിണറായിയുടെ പരാമർശം.
ഇത്തരം വിശദീകരണ യോഗം നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നില്ല. ഇതാണ്, പാർട്ടിക്കുള്ളിൽ വിരുദ്ധ അഭിപ്രായം രൂപപ്പെടാൻ വഴിവെച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ചുള്ള സി.പി.എം.-സി.പി.ഐ. തർക്കത്തിൽ പ്രതിപക്ഷനേതാവിന്റെ പരാമർശത്തിലും വിയോജിപ്പുണ്ട്.
വിശാല സംസ്ഥാനകമ്മിറ്റിയിൽ നേതൃമാറ്റ ചർച്ചയുണ്ടാകില്ലെന്ന രീതിയിൽ ചില സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പരസ്യപ്രതികരണവുമായി എത്തിയതിലും ആസൂത്രിതനീക്കം സംശയിക്കുന്നുണ്ട്. നേതൃമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ വിശാല സംസ്ഥാന കമ്മിറ്റിക്ക് കഴിയില്ല.
പക്ഷേ, അത്തരം ചർച്ച സജീവമായാൽ അത് പാർട്ടിക്ക് പരിഗണിക്കേണ്ടിവരും. അതൊഴിവാക്കാനുള്ള നീക്കമാണ് ഇത്തരം പ്രതികരണത്തിന് പിന്നിലുള്ളതെന്നാണ് മറുഭാഗത്തിന്റെ സംശയം. യ

