ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ

insight kerala

ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. കോട്ടയം വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസറും, ഇടുക്കി തൊടുപുഴ സ്വദേശിയുമായ ബിനീഷ് കുമാർ. റ്റി. ജിയാണ് പിടിയിലായത്. വൈക്കം തലയോലപ്പറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നല്കിയ പരാതി തീർപ്പാക്കുന്നതിന് ഇയാൾ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഭാര്യയുടെ ഗൂഗിൾ പേ നമ്പറിലേക്ക് വ്യാഴാഴ്ച 2000 രൂപ അയച്ചു നൽകിയിരുന്നു. വെള്ളിയാഴ്ച വീണ്ടും 3000 രൂപ കൂടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥാപന ഉടമ വിജിലൻസിനെ സമീപിച്ചത്. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കൈക്കൂലി പണം അയച്ചു നൽകുകയും പിന്നാലെ പ്രതിയെ പിടികൂടുകയുമായിരുന്നു. വിജിലൻസ് ഡി. വൈ. എസ്. പി. പി വി മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Share This Article