തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ദേവസ്വംമന്ത്രി. ദേവസ്വം വിജിലൻസ് അന്വേഷിക്കും. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്കാണ് ചുമതല. ക്രിമിനൽ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം മന്ത്രി ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ മതിയായ പരിശോധനയില്ലാതെയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലിറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാംപിള്‍ മാത്രമാണ് പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന ചട്ടം ഉദ്യോഗസ്ഥ ഒത്താശയില്‍ മറികടന്നതായി സംശയിക്കുന്നുവെന്നും എം ജി രാജമാണിക്യം മന്ത്രി കെ മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
