മദ്യത്തിലും മായം! സൂക്ഷിച്ചുവെച്ച് മച്ച്വേര്‍ഡാക്കുന്നതിന് പകരം ഫ്‌ളേവറുകള്‍ കൃത്രിമമായി ചേര്‍ക്കുന്നു; ഓള്‍ഡ് മോങ്ക്, ആന്റിക്വിറ്റി റോയല്‍ ചലഞ്ച്, ബാഗ്പൈപ്പര്‍ ബ്രാന്‍ഡുകളില്‍ തട്ടിപ്പ്; ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്ക് ബാച്ച് വിലക്ക്

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

കെ വി നിരഞ്ജന്‍

മരുന്നുകളുടെയൊക്കെ ബാച്ചുകള്‍ വിലക്കുന്നത്് നാം കേട്ടിട്ടുണ്ട്. എന്നാല്‍ മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്ക് വരുന്നത് അപൂര്‍വമാണ്. ഇപ്പോഴിതാ, ക്രിത്രിമ ഫ്‌ളേവറുകള്‍ ചേര്‍ക്കുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി, ജനപ്രിയ മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മോങ്ക്, ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയല്‍ ചലഞ്ച് വിസ്‌കി, ബാഗ്പൈപ്പര്‍ ഡീലക്സ് വിസ്‌കി എന്നിവയുടെ ചില ബാച്ചുകളുടെ വില്‍പനക്ക് നിരോധനം വന്നിരിക്കയാണ്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐഎ)യാണ് ഈ നടപടിയെടുത്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രമുഖ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സ് (ഡയാജിയോ), ഇന്‍ബ്രൂ ബീവറേജസ്, മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ എന്നിവര്‍ ഉല്‍പ്പാദിപ്പിച്ച ചില ഉല്‍പ്പന്നങ്ങളിലാണ് ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയത്. മധ്യപ്രദേശില്‍ യുണൈറ്റഡ് സ്പിരിറ്റ്സ് നിര്‍മ്മിച്ച ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയല്‍ ചലഞ്ച് വിസ്‌കി, അതേ സംസ്ഥാനത്ത് തന്നെ ഇന്‍ബ്രൂ ബിവറേജസ് നിര്‍മ്മിച്ച ബാഗ്പൈപ്പര്‍ ഡീലക്സ് വിസ്‌കി, ഓള്‍ഡ് കാസ്‌ക് ഡീലക്സ് റം, മഹാരാഷ്ട്രയില്‍ മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ നിര്‍മ്മിച്ച ഓള്‍ഡ് മോങ്കിന്റെ മൂന്ന് വേരിയന്റുകള്‍ എന്നിവയ്ക്കാണ് നിലവില്‍ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. എന്നാല്‍ ഈ നിയന്ത്രണം നിര്‍ദ്ദിഷ്ട പ്ലാന്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ്. മറ്റ് കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്ന ഇതേ ബ്രാന്‍ഡുകളെ ഇത് ബാധിക്കുന്നില്ല.

ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് മദ്യത്തില്‍ വാനിലയോ കാപ്പിയോ പോലുള്ള സ്വാഭാവിക ഫ്ളേവറുകള്‍ ചേര്‍ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ഇതിനുപകരം വിസ്‌കിയില്‍ വിസ്‌കി ഫ്ളേവറോ, റമ്മില്‍ റമ്മിന്റെ ഫ്ളേവറോ കൃത്രിമമായി ചേര്‍ത്ത് സ്വാഭാവികമായ രുചിയും മണവും പുനഃസൃഷ്ടിക്കുന്ന പ്രവണത ചില നിര്‍മ്മാതാക്കള്‍ പിന്തുടരുന്നതായി പരിശോധനയില്‍ തെളിഞ്ഞു. റമ്മിലെ സ്വാഭാവിക ചേരുവകളായ കരിമ്പ്, മുന്തിരി എന്നിവയുടെ കൃത്യമായ ഉപയോഗവും ആവശ്യമായ പക്വത പ്രക്രിയകളും ഒഴിവാക്കി, ഉല്‍പ്പന്നത്തിന്റെ നിലവാരം കുറയ്ക്കാന്‍ ഇത്തരം കൃത്രിമ രീതികള്‍ വഴിതുറക്കുമെന്നും, ഇത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നിര്‍മാണ രീതികള്‍ക്ക് വിരുദ്ധമാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.

മദ്യത്തിന് സ്വാഭാവികമായ രുചിയും മണവും ലഭിക്കേണ്ടത് അത് സൂക്ഷിച്ചുവെച്ച് പ്രായമാകുന്നതിലൂടെയും സ്വാഭാവിക ചേരുവകളിലൂടെയുമാണ്. എന്നാല്‍, ഈ ബ്രാന്‍ഡുകളുടെ നിര്‍ദ്ദിഷ്ട ബാച്ചുകളില്‍ വിസ്‌കി ഫ്‌ളേവര്‍, റം ഫ്‌ളേവര്‍ എന്നിവ കൃത്രിമമായി ചേര്‍ത്തതായി ലാബ് പരിശോധനകളില്‍ കണ്ടെത്തി. കൃത്രിമ ഫ്‌ളേവര്‍ ചേര്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ ‘ഫ്‌ളേവേര്‍ഡ് റം’ അല്ലെങ്കില്‍ ‘വിസ്‌കി ഫ്‌ളേവേര്‍ഡ് സ്പിരിറ്റ്’ എന്ന് ലേബലില്‍ രേഖപ്പെടുത്തണം. എന്നാല്‍ ഇവ സാധാരണ റം, വിസ്‌കി എന്ന രീതിയിലാണ് വിറ്റഴിച്ചത്. ഓള്‍ഡ് മോങ്ക് റമ്മിന്റെ ഒരു വകഭേദത്തില്‍ ‘ സെവന്‍ ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡ്ഡ്’ എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും, അതില്‍ യഥാര്‍ത്ഥത്തില്‍ മച്ച്വേര്‍ഡ് റം 5 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ബാക്കി മുഴുവന്‍ ന്യൂട്രല്‍ സ്പിരിറ്റ് ആണെന്നും പരിശോധനയില്‍ കണ്ടെത്തി.

കേരളത്തില്‍ വിലക്കില്ല; സുരക്ഷിതം

ഈ നിരോധിത ബാച്ചുകള്‍ കേരളത്തില്‍ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. കേരളത്തില്‍ മദ്യത്തിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌ക്കോ) ആണ്. എഫ്എസ്എസ്എഐ നിരോധനം ഏര്‍പ്പെടുത്തിയത് മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ചില നിര്‍ദ്ദിഷ്ട ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് മാത്രമാണ്. കേരളത്തിലേക്ക് സാധാരണയായി ഈ പ്രത്യേക ഫാക്ടറികളില്‍ നിന്നുള്ള ബാച്ചുകള്‍ എത്താറില്ല. ഓള്‍ഡ് മോങ്ക്, റോയല്‍ ചലഞ്ച് തുടങ്ങിയ ബ്രാന്‍ഡുകള്‍ കേരളത്തില്‍ ഇപ്പോഴും ലഭ്യമാണ്. കാരണം, ഈ കമ്പനികള്‍ക്ക് ഇന്ത്യയിലുടനീളം നിരവധി നിര്‍മ്മാണ യൂണിറ്റുകളുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന ഈ ബ്രാന്‍ഡുകള്‍ മറ്റ് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഫാക്ടറികളില്‍ നിര്‍മ്മിക്കുന്നവയാണ്.

കേരളത്തിലെ ബിവ്‌കോ ഔട്ട്‌ലെറ്റുകളിലോ ബാറുകളിലോ നിലവില്‍ ലഭ്യമായ മദ്യത്തെ ഈ നിരോധനം ബാധിക്കുന്നില്ല. കേരളത്തിലേക്ക് എത്തുന്ന ഓരോ ബാച്ച് മദ്യവും ബിവ്‌കോയുടെയും സംസ്ഥാന ഡ്രഗ്‌സ് ആന്‍ഡ് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെയും കര്‍ശനമായ രാസപരിശോധനകള്‍ക്ക് വിധേയമാകാറുണ്ട്. എന്നിട്ടും ഈ പുതിയ ദേശീയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും ബെവ്‌കോയും വിപണിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് വാങ്ങുന്ന ഈ ബ്രാന്‍ഡുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്.

Share This Article