കാപ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലർ ആർ സുഗതൻ്റെ അവധി അപേക്ഷയില്‍ അനുകൂല ഉത്തരവിറക്കിയ സംഭവത്തിൽ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ നടപടിക്ക് സാധ്യത. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സുഗതന് ‘ജീവവായുവായ’ ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് തദ്ദേശ വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണെന്ന് വ്യക്തമായി. തദ്ദേശ വകുപ്പാണ് സുഗതന് അവധിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കുകയാണെങ്കിൽ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമ ആഭ്യന്തര അണ്ടർ സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്. ഇത് അംഗീകരിച്ചു കൊണ്ടാണ് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി നമിത ഉത്തരവിറക്കിയത്. ഇത് അംഗീകരിച്ചു കൊണ്ടാണ് വെള്ളിയാഴ്ച കൗൺസിൽ യോഗം സുഗതൻ്റെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയത്.
സുഗതന്റെ അവധി അപേക്ഷ തള്ളാൻ തദ്ദേശമന്ത്രി കെ എം ഷാജി നിർദേശം നൽകിയിരുന്നതായാണ് വിവരം. അങ്ങനെയെങ്കിൽ അതിന് വിപരീതമായി ഉത്തരവ് ഇറക്കിയ അണ്ടർ സെക്രട്ടറിക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഈ വിഷയത്തിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമക്കെതിരെ അന്വേഷണം ആരംഭിച്ചു.
ആഭ്യന്തരവകുപ്പോ സെക്രട്ടറിയോ അറിയാതെ കഴിഞ്ഞ ഉത്തരവിറക്കിയ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി നമിതയ്ക്കെതിരെ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബിജെപി യുഡിഎഫ് ഡീൽ എന്ന ആരോപണം ഉയർത്തി ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെ പ്രതിപക്ഷം സർക്കാർ ആയുധമാക്കുകയാണ്.

