CJP സമര ദൃശ്യങ്ങൾ; മെറ്റാ ഇന്ത്യാ മേധാവിക്കെതിരെ കേസ്

insight kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള എഐ നിർമിതവും മോർഫ് ചെയ്തതുമായ വീഡിയോകൾ പ്രചരിപ്പിച്ചതിന് മെറ്റാ ഇന്ത്യൻ മേധാവി അരുൺ ശ്രീനിവാസിനെതിരെ കേസ്. ഹൈദരാബാദ് സൈബർ ക്രൈം പോലീസാണ് കേസെടുത്തിട്ടുള്ളത്. മെറ്റ മേധാവിക്ക് പുറമെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ടതാണ് കേസ്.

മെറ്റാ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകളെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് വൃത്തങ്ങൾ പറയുന്നു. യഥാർത്ഥ വിവരങ്ങൾ വളച്ചൊടിച്ചും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടും പ്രചരിപ്പിക്കുന്ന വീഡിയോകളെക്കുറിച്ചാണ് അന്വേഷണം. ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്‌നോളജി നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

എഐ നിർമിത വീഡിയോകളുടെ ഉറവിടം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവ എങ്ങനെ പ്രചരിച്ചു, അവയുടെ പ്രചാരം തടയാൻ മെറ്റയുടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമായിരുന്നോ എന്നിവ സൈബർ ക്രൈം പോലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ ഉള്ളടക്കം സൃഷ്ടിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പങ്കും അന്വേഷണത്തിന്റെ പരിധിയിൽവരും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article