അധികാര ദുർവിനിയോഗം നടത്തി, പോലീസുകാരെ സമ്മർദ്ദത്തിലാക്കി; കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

insight kerala

മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കുന്നതില്‍ എഡിജിപി എം ആർ അജിത്കുമാറിന് വ്യക്തമായ പങ്കുണ്ടെന്ന് സര്‍ക്കാര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. 

ഇതു സംബന്ധിച്ച് അജിത്കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണം വഴിതിരിച്ചുവിടാന്‍ എഡിജിപിയും അദ്ദേഹത്തിന്റെയും ഓഫിസിലുള്ളവരും നിരന്തരം ശ്രമിച്ചതിന്റെ തെളിവുകള്‍ എസ്‌ഐടി അന്വേഷണത്തില്‍ ലഭിച്ചതായി സര്‍ക്കാര്‍ വിലയിരുത്തി. നിയമവിരുദ്ധമായാണ് അജിത്കുമാര്‍ വിഷയത്തില്‍ ഇടപെട്ടതെന്നും ഇരകള്‍ അനീതി നേരിടാന്‍ ഇതു കാരണമായെന്നും ഉത്തരവിൽ പറയുന്നു.

അന്വേഷണത്തില്‍ നേരിട്ടു പങ്കാളികളായിരുന്ന ഒന്നിലധികം ഉദ്യോഗസ്ഥര്‍ അജിത്കുമാറിനെതിരെ ഗുരുതരമായ മൊഴി നല്‍കിയതും സര്‍ക്കാര്‍ കണക്കിലെടുത്തു. അജിത് കുമാര്‍ സര്‍വീസില്‍ തുടരുന്നത് സുതാര്യമായ തുടരന്വേഷണത്തെ ബാധിക്കുമെന്നും വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി. പൊലീസിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പൊതുതാല്‍പര്യപ്രകാരമാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ ആദ്യത്തെ അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട് തിരുത്തിയത് എഡിജിപിയുടെ ഓഫിസിന്റെ ഇടപെടല്‍ മൂലമാണെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എഡിജിപി കേസ് ഡയറി പരിശോധിച്ചുവെന്നും മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കു സംബന്ധിച്ച ഭാഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതായും ഡിവൈഎസ്പി കെ.പി.തോംസന്റെ മൊഴിയില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ കേസില്‍നിന്നു രക്ഷിക്കാന്‍ തങ്ങള്‍ക്കു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതായും കേസ് അവസാനിപ്പിച്ച് കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ രേഖാമൂലം നിര്‍ദേശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കോടതിയില്‍ നിലനില്‍ക്കാത്ത തരത്തില്‍ കേസ് വഴിതിരിച്ചുവിടാനും നിര്‍ദേശമുണ്ടായതായും രണ്ടു ഡിവൈഎസ്പിമാരും എസ്‌ഐയും മൊഴി നല്‍കി.

Share This Article