തിരുവനന്തപുരം : വി ഡി സതീശൻ – കെഎസ്യു പോര് രൂക്ഷമാകുമ്പോൾ ചേരിതിരിഞ്ഞ് പ്രവർത്തകർ പരസ്യ പ്രതികരണങ്ങൾ നടത്തുകയാണ്. ഇതോടെ കെപിസിസി നേതൃത്വം ഇടപെടുന്നു. ആദ്യപടി എന്ന നിലയിൽ കെപിസിസി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ്. മാധ്യമ ചുമതലയുള്ള ദീപ്തി മേരി വർഗീസ് സർക്കുലറിലൂടെയാണ് വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ടത് പാർട്ടി വേദികളിലാണ്. വ്യക്തിപരമായ അഭിപ്രായങ്ങൾ ആരും പറയാൻ പാടില്ല. പാർട്ടി ലൈനും പാർട്ടി നിലപാടും മാത്രമേ പറയാൻ പാടുള്ളൂ. പറയുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പാടില്ല. ആർക്കെങ്കിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അത് ഫേസ്ബുക്ക് പോസ്റ്റിലോ മറ്റ് സാമൂഹ്യ മാധ്യമത്തിലോ ചാനൽ ചർച്ചകളിലോ അല്ല പ്രകടിപ്പിക്കേണ്ടത്. അത്തരം അഭിപ്രായപ്രകടനങ്ങൾ പാർട്ടി ഫോറങ്ങളിൽ മാത്രമേ നടത്താവൂ എന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
സമീപകാലത്ത് മുഖ്യമന്ത്രിയും കെഎസ്യുവും തമ്മിൽ തർക്കത്തിൽ പരസ്യമായി പല വേദികളിലും അഭിപ്രായപ്രകടനം നടത്തിയത് പാർട്ടി വക്താക്കളായിരുന്നു. അതുകൊണ്ടാണ് വക്താക്കൾക്ക് കൃത്യമായി നിർദ്ദേശം നൽകി ഒരു സർക്കുലർ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
