സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്
കെ വി നിരഞ്ജന്‍
കൊച്ചി: ജെന്‍ സി, ജെന്‍ ആള്‍ഫ എന്നീപേരില്‍ അറിയപ്പെടുന്ന ന്യൂജന്‍ കുട്ടികളുടെ ആരാധനാപാത്രമാണ്, ‘തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്ന വിവാദ യുട്യൂബറും സ്ട്രീമറുമായ മുഹമ്മദ് നിഹാദ്. ഒരു കട ഉദ്ഘാടനത്തിനും മറ്റും തൊപ്പിയെത്തിയാല്‍ ആയിരക്കണക്കിന് കൗമാരക്കാരാണ് അവിടെ തടിച്ചുകൂടുക. യുട്യൂബിലൂടെയും സ്ട്രീമിങ്ങിലുടെയുമായി ലക്ഷങ്ങള്‍ തൊപ്പി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതിഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് പൊലീസ് പിടിക്കുമെന്ന് ഭയന്ന് ഇയാള്‍ മുങ്ങിയിരിക്കയാണ്.
ലഹരിയും ലൈംഗിക ചൂഷണവും
അടുത്തിടെ അദ്ദേഹത്തിന്റെ മുന്‍ സുഹൃത്തുക്കളും പരാതിക്കാരും ചേര്‍ന്ന് അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. യുട്യൂബ് വരുമാനം പങ്കുവെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ, തന്റെ മുന്‍ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ നിഹാദ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് ലൈവ് വഴി പ്രചരിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന സൈബര്‍ കുറ്റം. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ റൂറല്‍ സൈബര്‍ പോലീസ് ഐടി നിയമപ്രകാരം കേസെടുക്കുകയും, പോലീസിന്റെ പ്രത്യേക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുട്യൂബ് ഇയാളുടെ ഔദ്യോഗിക ചാനല്‍ സ്ഥിരമായി നീക്കം ചെയ്യുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിഹാദ് ലൈംഗികമായി ചൂഷണം ചെയ്തതായും, പിന്നീട് വന്‍ തുക നല്‍കി ഇത് ഒതുക്കിത്തീര്‍ത്തതായും ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ലൈവ് സ്ട്രീമുകളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
നിഹാദ് സ്ഥിരമായി എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഇതിന് തെളിവായി ഇയാളുടെ മുറിയില്‍ നിന്ന് കഞ്ചാവ് പാക്കറ്റ് കണ്ടെത്തുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടിരുന്നു.കൂടെയുള്ള സുഹൃത്തുക്കളെ അടിമകളെപ്പോലെ കാണുകയും, അവരുടെ അടിവസ്ത്രങ്ങള്‍ വരെ നിര്‍ബന്ധിച്ച് കഴുകിക്കുകയും ചെയ്യുന്ന രീതിയിലുള്ള കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ നിഹാദ് ഏല്‍പ്പിച്ചിരുന്നതായി മുന്‍ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഇതെല്ലാം ലൈവായി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായഅഡ്വ. ശ്രീജിത്ത് പെരുമനയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പോക്സോ, നാര്‍കോട്ടിക്സ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് നിലവില്‍ ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തിവരികയാണ്. നിലവില്‍ ഒളിവിലുള്ള നിഹാദ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള നടപടികളിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ വെറും റീച്ചിന് വേണ്ടി കെട്ടിച്ചമച്ചതാണെന്നും പ്രചരിക്കുന്ന ഓഡിയോകള്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നുമാണ് നിഹാദിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
കൂട്ടാളി മമ്മു അറസ്റ്റില്‍

അതിനിടെ തൊപ്പി കേസില്‍ ആദ്യഅറസ്റ്റുമുണ്ടായി. തൊപ്പി ഗാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞിരിക്കയാണ്. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമില്‍ ഗായകന്‍ ഹനാന്‍ഷായെ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ഇവര്‍ അപമാനിച്ചുവെന്നാണ് കേസ്. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൊപ്പിയുടെ മുന്‍ സുഹൃത്തുക്കളും ‘എംആര്‍എസ് ഗ്യാങ്’ അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാന്‍ ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്.

ഹനാന്‍ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് നല്‍കി പിന്‍വലിപ്പിക്കുകയും ചെയ്തിരുന്നു. -”എന്നെയും എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഒരു യൂട്യൂബ് ലൈവില്‍ കടുത്ത അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമാണ് നടന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഈ വിഡിയോയ്ക്കെതിരെ ഞാന്‍ നല്‍കിയ കോപ്പിറൈറ്റ് സ്ട്രൈക്കിലൂടെ അത് യൂട്യൂബില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം കണ്ടന്റുകള്‍ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്‌ഫോം ആക്ഷന്‍സ് എന്നിവയ്‌ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും ഐടി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ടെങ്കില്‍ ദയവായി നീക്കം ചെയ്യുക”-എന്നായിരുന്നു ഹനാന്‍ഷായുടെ പ്രതികരണം.
അതേസമയം സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍, യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാനാണ് പൊലീസ് നീക്കം. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. തൊപ്പിയുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതോടെയാണ് തൊപ്പി എന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ഉടന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. നേരത്തെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഹാദിന്റെ യുട്യൂബ് ചാനല്‍ നീക്കംചെയ്തിരുന്നു.
ഇയാള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് എറണാകുളം റൂറല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

