തിരുവനന്തപുരം : നിയമന വിവാദത്തിൽ PSC ആസ്ഥാനത്ത് നേരിട്ടെത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്ത് നൽകി. ചോദ്യപേപ്പർ, ഉത്തരക്കടലാസ് എന്നിവ ആവശ്യപെട്ടാണ് കത്ത് നൽകിയത്. ഉദ്യോഗാർത്ഥികളുടെ പട്ടികയും കൈമാറണം. അഭിമുഖത്തിന് വിളിച്ചവരുടെ പട്ടികയും കൈമാറണമെന്ന് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് സംഘമേധാവി ഐജി അജിത ബീഗം ഇന്നലെ പിഎസ്‌സി ആസ്ഥാനത്തെത്തി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചാണ് സംഘം പ്രധാനമായും ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കാന്‍ പിഎസ്‌സി തീരുമാനിച്ചതിന് പിന്നാലെയാണ് ഐജി എത്തിയത്.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച വ്യക്തിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന വിശദമായ മൊഴിയെടുപ്പാണ് നടന്നത്. ഇതിന് പുറമെ, വിവരാവകാശ നിയമപ്രകാരം സ്വന്തം ഉത്തരക്കടലാസിനായി അപേക്ഷ സമര്‍പ്പിച്ച വ്യക്തിയെയും അന്വേഷണസംഘം മൊഴി നല്‍കാനായി വിളിച്ചുവരുത്തി. നിലവില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴിയെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

