ഫിലിം റിവ്യൂ- ഐ, നോബഡി
………………….
എം റിജു
‘ഹലാക്കിന്റെ അവിലുംകഞ്ഞി’ എന്ന ഒരു പ്രയോഗമുണ്ട് മലബാറില്‍. ആകെക്കൂടി കുഴകഞ്ഞ് മറിഞ്ഞ് ഒരു പരുവത്തിലായത് എന്ന് തര്‍ജ്ജമ. നിസാം ബഷീര്‍ സംവിധാനം ചെയ്ത്, പൃഥ്വിരാജ് സുകുമാരന്‍ നായകനായ ‘ഐ, നോബഡി’ എന്ന ചിത്രം കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയ ആദ്യവാചകം അതായിരുന്നു. എന്താണ് ഈ പടംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ആകെ ആശയങ്ങളുടെ കുഴമറിച്ചില്‍. എന്തെല്ലാമോ എടുത്ത്‌വെച്ച്, അതിവേഗതയില്‍ എഡിറ്റും കട്ടും ചെയ്തിട്ടിരിക്കുന്നു. പൃഥ്വിരാജ്, ഈ ചിത്രത്തിന്റെ പ്രമോഷനായി നടത്തിയത് അത്രയും വെറും തള്ളായിരുന്നു! വലിച്ചു നീട്ടി കുളമാക്കിയ സിനിമ എന്നേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.
ഒരുനിമിഷത്തെ മോശം തീരുമാനം ഒരു സാധാരണക്കാരനെ, ഔദ്യോഗിക ഭാഷയില്‍ ‘ഒരു നോബഡി’യെ എവിടെവരെ കൊണ്ടെത്തിക്കും? ഈ ചോദ്യമാണ് ചിത്രം ഉയര്‍ത്തുന്നത്. തിരുവനന്തപുരത്തെ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജീവന്റെ (പൃഥ്വിരാജ്) ജീവിതത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഭാര്യ മീരയുമായി പാര്‍വതി തിരുവോത്ത് എത്തുന്നു. വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കുന്ന ഇയാളുടെ ജീവിതം, അപ്രതീക്ഷിതമായി ഒരു ബാങ്ക് കൊള്ളയ്ക്ക് സാക്ഷിയാകുന്നതോടെ കീഴ്‌മേല്‍ മറിയുന്നു. ആ കൊള്ളയുമായി ബന്ധപ്പെട്ട് സിസ്റ്റവും സമൂഹവും ഇയാളെ വേട്ടയാടുമ്പോള്‍, ഒരു ‘നോബഡി’ (ആരുമല്ലാത്തവന്‍) ആയ രാജീവന്‍ നടത്തുന്ന പ്രതിരോധമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.
സിനിമ ആരംഭിച്ച് ഇന്റര്‍വെല്‍ ബ്ലോക്ക് വരെ മികച്ച സസ്‌പെന്‍സും ടെന്‍ഷനും നിലനിര്‍ത്താന്‍ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ആദ്യപകുതിയില്‍ ബില്‍ഡ് ചെയ്ത സസ്‌പെന്‍സ് നിലനിര്‍ത്താന്‍ രണ്ടാം പകുതിക്ക് കഴിഞ്ഞില്ല. കഥ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തതയില്ലാതെ വഴിമാറി സഞ്ചരിക്കുന്നു. രണ്ടേമുക്കാല്‍ മണിക്കൂറിലധികമുള്ള ചിത്രത്തില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യമായ ആക്ഷന്‍ രംഗങ്ങളും വലിച്ചുനീട്ടലുകളും ഉണ്ട്. ഒരേസമയം ഹീസ്റ്റ് ത്രില്ലര്‍, ഫാമിലി ഡ്രാമ, സോഷ്യോ-പൊളിറ്റിക്കല്‍ സറ്റയര്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഒരുമിച്ച് തിരുകിക്കയറ്റാന്‍ നോക്കിയത് തിരക്കഥയെ ആകെ കുഴപ്പത്തിലാക്കി. ‘പലനാടന്‍ മലയാളി’ എന്ന പേരിലുള്ളൊരു യുടൂബ് ചാനലിലൂടെ മീഡിയ ട്രയല്‍ നടത്തുന്നത് അടക്കം സറ്റയറായി ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് വിഷയങ്ങള്‍ ഒറ്റയിടിക്ക്.

അവസാന ഭാഗങ്ങളിലെ പല രംഗങ്ങളും യുക്തിക്ക് നിരക്കാത്തതായിരുന്നു.നീരജ് പാണ്ഡെയുടെ ‘എ വെഡ്‌നസ്‌ഡേ’ പോലുള്ള ചിത്രങ്ങളുടെ ശൈലിയില്‍ സിസ്റ്റത്തിനെതിരെയുള്ള വലിയൊരു സന്ദേശം നല്‍കാന്‍ ക്ലൈമാക്‌സില്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദേശ സിനിമകള്‍ക്ക് കിടപിടിക്കുന്ന രീതിയില്‍ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്. പക്ഷേ അതിനൊന്നും യുക്തി കാണുന്നില്ല.
പൃഥ്വിരാജ് ഒരു സാധാരണക്കാരന്റെ നിസ്സഹായത നിറഞ്ഞ കഥാപാത്രത്തെ ഒരു വിധം ഒപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ട്. പാര്‍വതി തിരുവോത്ത് പോര. ‘ഫീല്‍ഡൗട്ടായ പാര്‍വതി തെരുവോത്തിനെ, ഈ സിനിമയിലേക്ക് വിളിച്ചുവരുത്തി വീണ്ടും ഫീല്‍ഡൗട്ടാക്കി’ എന്ന സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ചിത്രം കണ്ടാല്‍ ശരിയാണെന്ന് തോന്നും.
പോലീസ് വേഷത്തിലെത്തിയ ഹക്കിം ഷാജഹാന്റെ പ്രകടനമാണ് നന്നായത്. മധുപാല്‍, വിജയരാഘവന്‍, ഇര്‍ഷാദ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. ജേക്‌സ് ബിജോയിയുടെ സംഗീതമൊക്കെ ആവര്‍ത്തനം ആവുന്നുണ്ട്. ഒരുകാര്യവുമില്ലാതെ ഒരു ഇംഗ്ലീഷ് പാര്‍ട്ട് തിരുകിക്കയറ്റുക എന്നതൊക്കെ ഇപ്പോള്‍ ഫാഷനാണ്. ദിനേഷ് പുരുഷോത്തമന്റെ ഛായാഗ്രഹണവും ചിത്രത്തിന് ഒരു ഹോളിവുഡ് ശൈലിയിലുള്ള ഫീല്‍ നല്‍കുന്നുണ്ട്.

പക്ഷേ നിസാം ബഷീറിന്റെ മുന്‍ ചിത്രമായ ‘റോഷാക്ക്’ പോലൊരു മികച്ച ക്രാഫ്റ്റ് പ്രതീക്ഷിച്ച് പോകുന്നവര്‍ക്ക് ‘ഐ, നോബഡി’ തികച്ചും നിരാശയായിരിക്കും സമ്മാനിക്കുക. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. അവിടെയാണ് ചിത്രം പാളിയതും. കെട്ടുറപ്പില്ലാത്ത തിരക്കഥയും അനാവശ്യമായ വലിച്ചുനീട്ടലും കാരണം ചിത്രംശരാശരി കാഴ്ചാനുഭവം മാത്രമായി ഒതുങ്ങുന്നു.
വാല്‍ക്കഷ്ണം: ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ 4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് തന്നെ നിര്‍മ്മാണത്തിന് ഇറങ്ങിയത് നന്നായി. വെറുതെ ഒരു പാവം പ്രെഡ്യൂസറെ കുത്തുപാളയെടുപ്പിക്കേണ്ടല്ലോ!

