എൻ ശേഷാദ്രിനാഥിൻ്റെ നിയമനത്തിന് അംഗീകാരം; ഗവർണർ ഒപ്പിട്ടു

insight kerala

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു. എൻ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ നിയമത്തിനെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.

ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുകയും നിയമന ശുപാര്‍ശക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം നൽകിയത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നതോടെയായിരുന്നു നീക്കം.

നിയമന ശുപാര്‍ശക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നുമടക്കം എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുകയും സണ്ണി ജോസഫ്, കെ എം ഷാജി എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article